ഞങ്ങൾ രാജ്യതാത്പര്യത്തിനാണ് മുന്‍ഗണന നൽകുന്നത്. അല്ലാതെ അധികാരത്തിനോ സീറ്റിനോ വേണ്ടി ഞങ്ങളുടെ അഭിമാനം ദുരുപയോഗം ചെയ്തിട്ടില്ല- രാജിക്കത്തില്‍ പറയുന്നു.

ഭുവനേശ്വർ: ഒഡീഷയിലെ രണ്ട് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ ബിജെപിയിൽ നിന്ന് രാജിവെച്ചു. ദിലീപ് റായി, ബിജോയ് മഹാപാത്ര എന്നിവരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. ഇരുവരും ഒപ്പ് വെച്ച രാജിക്കത്ത് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് കൈമാറി. തങ്ങളുടെ സീറ്റ് നിഷേധിക്കപ്പെടുമെന്ന് കരുതി പല ബിജെപി നേതാക്കളും സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇരുവരും രാജിക്കത്തിൽ ആരോപിച്ചു.

‘വർഷങ്ങളായി ബിജെപിയിൽ സേവനമനുഷ്ഠിക്കുന്ന ആത്മാഭിമാനമുള്ള ഞങ്ങൾക്ക് ഇനി പാർട്ടിൽ കാഴ്ചവസ്തുക്കളായി നിൽക്കാൻ കഴിയില്ല. ഇമേജ് വര്‍ധിപ്പിക്കുന്നതിനായി വൻതോതിൽ ബഹളം വെക്കുന്നവരാണ് ഇവിടെ ഉള്ളത്. ഞങ്ങൾ രാജ്യതാത്പര്യത്തിനാണ് മുന്‍ഗണന നൽകുന്നത്. അല്ലാതെ അധികാരത്തിനോ സീറ്റിനോ വേണ്ടി ഞങ്ങളുടെ അഭിമാനം ദുരുപയോഗം ചെയ്തിട്ടില്ല’- രാജിക്കത്തില്‍ പറയുന്നു. നേതാക്കളുടെ മൗനം ജനാധിപത്യത്തിന് മോശം സൂചനയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയില്‍ തുടരണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെന്ന് ബസന്ത് പാണ്ഡ പറഞ്ഞു.

അതേ സമയം റൂര്‍ക്കേല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ കൂടിയായ റായി നിയമസഭയിലെ അംഗത്വം രാജിവെച്ചിട്ടുണ്ട്. 2014ല്‍ ബിജെപിക്ക് ലഭിച്ച ഏക ലോക്‌സഭാ സീറ്റായ സുന്ദര്‍ഗഢില്‍നിന്നുള്ള റായുടെ രാജി, വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ വലിയ തോതില്‍ ബാധിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.