തിരുവനന്തപുരം: കോട്ടുകാൽ മരുതുർക്കോണം പി.ടി.എം കോളേജ് ഹോസ്റ്റലിൽ സീനിയർ വിദ്യാർഥികളുടെ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ 3 ജൂനിയർ വിദ്യാർത്ഥികൾക്ക് പരിക്ക്. കോളേജിലെ ഡി.ഈ.എൽ.ഈ.ഡി ഒന്നാം വർഷ വിദ്യാർഥികളായ കണ്ണൂർ സ്വദേശി നിധിൻ രാജ് (20), പത്തനംതിട്ട സ്വദേശി സോനു വർമ്മ(18), ഇടുക്കി സ്വദേശി ശരത്ത് മോഹൻ (22) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. 

ഇതിൽ സോനു വർമ്മയുടെ മുതുകിൽ ബ്ലേഡ് കൊണ്ട് നീളത്തിൽ കീറിയിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. കഴിഞ്ഞ ദിവസം ക്യാന്‍റീനിൽ നില്‍ക്കുന്ന പ്രായമായ സ്ത്രീയോട് ചായ തികഞ്ഞില്ലെന്നാരോപിച്ച് ബി.എഡിന് പഠിക്കുന്ന വിദ്യാർത്ഥിനികൾ മോശമായി സംസാരിക്കുന്നത് ജൂനിയർ വിദ്യാർത്ഥികളായ നാലുപേർ ചോദ്യം ചെയ്തിരുന്നു. ഇതിൽ ക്ഷുഭിതരായ പെണ്‍കുട്ടികള്‍ സംഭവം കൂടെ പഠിക്കുന്ന വിദ്യാർത്ഥികളോട് പറഞ്ഞിരുന്നു. 

ഇതിന്‍റെ വൈരാഗ്യമാണ് ക്രൂരമായ അക്രമണത്തിലേക്ക് വഴിവെച്ചതെന്ന് വിഴിഞ്ഞം പൊലീസ് പറയുന്നു  യുവാക്കളെ ഫോണിൽ വിളിച്ച് വരുത്തി സീനിയർ വിദ്യാർഥികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് ആക്രമണം എന്നാണ് പൊലീസ് നിഗമനം. ആക്രമണത്തിൽ നിധിൻ രാജിന് ബോധം നഷ്ടമായി. ഇതിനിടെ അക്രമികൾ ക്യാമ്പസ് വിട്ടിരുന്നു. 

വിവരം അറിഞ്ഞു നാട്ടുകാർ എത്തിയാണ് 108 ആംബുലൻസിൽ പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ വിഴിഞ്ഞം എസ്.ഐ ദീപുവിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം ഏഴുപേരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ മൂന്നുപേരും രണ്ടാഴ്ച്ച മുൻപാണ് ഇവിടെ പഠിക്കാൻ എത്തിയത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്രഥമ ശുസ്രൂഷയ്ക്ക് ശേഷം മൂവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.