Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസിയുടെ ചിൽ ബസ് സർവീസ് പാളി

 കോഴിക്കോട്ടെ 35 ബസുകളിൽ 15 എണ്ണവും താല്‍ക്കാലികമായി സര്‍വീസ് അവസാനിപ്പിച്ചു. ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബസുകളുടെ സർവ്വീസ് നിർത്തിയത്. 

setback for ksrtc Chill bus service
Author
Kozhikode, First Published Feb 7, 2019, 12:36 PM IST

കോഴിക്കോട്: ഏറെ പ്രതീക്ഷകളോടെ കെഎസ്ആര്‍ടിസി അവതരിപ്പിച്ച ചില്‍ ബസ് സര്‍വ്വീസ് പരാജയമായി. കോഴിക്കോട്ടെ 35 ബസുകളിൽ 15 എണ്ണവും താല്‍ക്കാലികമായി സര്‍വീസ് അവസാനിപ്പിച്ചു. ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബസുകളുടെ സർവ്വീസ് നിർത്തിയത്. 

ഓട്ടം നിലച്ച 15 ചിൽ ബസുകൾ കഴിഞ്ഞ 2 ആഴ്ച്ചയായി കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിലുണ്ട്.ശബരിമല സീസണില്‍ നിലയ്ക്കല്‍ – പമ്പ റൂട്ടിൽ വിശ്രമമില്ലാതെ ഓടി ലാഭമുണ്ടാക്കിയ ബസുകളാണിവ.ശബരിമല സീസണിന് ശേഷം തിരിച്ച് കോഴിക്കോട് എത്തിച്ച് സർവ്വീസ് നടത്തിയെങ്കിലും കാര്യമായ കളക്ഷൻ നേടാൻ കഴിഞ്ഞില്ല.തുടർന്നാണ് ബസുകളുടെ സർവ്വീസ് താല്കാലികമായി നിർത്തിവച്ചത്.

കാസര്‍കോട്, പാലക്കാട്, എറണാകുളം റൂട്ടുകളിലാണ് ഇവ സര്‍വീസ് നടത്തിയിരുന്നത്. ഓട്ടം നിലച്ചതോടെ ബസുകളുടെ ബാറ്ററി നശിച്ച് തുടങ്ങിയെന്ന് ജീവനക്കാര്‍ പറയുന്നു. തിരുവനന്തപുരം,കൊച്ചി റീജിയണുകൾക്ക് കീഴിലുള്ള ചിൽ ബസുകൾക്കും കാര്യമായ കളക്ഷൻ നേടാൻ കഴിയുന്നില്ല. പുലർച്ചെ അഞ്ച് മുതൽ രാത്രി 10 വരെ ഒരു മണിക്കൂർ ഇടവിട്ടാണ് ചിൽബസുകളുടെ സർവ്വീസ്. ഉയർന്ന ടിക്കറ്റ് നിരക്കാണ് ദീർഘദൂര യാത്രക്കാരെ ചിൽ ബസിൽ നിന്നകറ്റിയത്. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് എം.ഡി ആയിരുന്ന ടോമിന്‍ തച്ചങ്കരി ചില്‍ ബസുകള്‍ രംഗത്തിറക്കിയത്.നഗരങ്ങളില്‍ ഹ്രസ്വദൂര ഓട്ടത്തിനുപയോഗിച്ച ലോഫ്ലോര്‍ ബസുകള്‍ ദീര്‍ഘദൂര സര്‍വീസുകളാക്കി മാറ്റുകയായിരുന്നു. ലാഭകരമായ റൂട്ടുകൾ കണ്ടെത്തി നിർത്തിവച്ച സർവ്വീസുകൾ ഉടൻ പുനരാരംഭിക്കുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതർ പറയുന്നത്.

Follow Us:
Download App:
  • android
  • ios