വാടക വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ദീപകിന്‍റെയും സഹോദരന്‍റെയും മൃതദേഹം കണ്ടെത്തിയത്. നാല്‍പ്പതുകാരനായ ദീപക് സ്വന്തമായി ബിസിനസ്സ് തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു

റാഞ്ചി: റാഞ്ചിയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ വീടിനുള്ളില്‍ ജീവനൊടുക്കി. ജൂലൈ 30നാണ് സ്വകാര്യ കമ്പനി ജീവനക്കാരനായ ദീപക് കുമാര്‍ ജായും കുടുംബവും ആത്മഹത്യ ചെയ്തത്. ദീപക്കിന്‍റെ രക്ഷിതാക്കള്‍, ഭാര്യ, സഹോദരന്‍, കുട്ടികള്‍ എന്നിവരാണ് ജീവനൊടുക്കിയത്. വാടക വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ദീപകിന്‍റെയും സഹോദരന്‍റെയും മൃതദേഹം കണ്ടെത്തിയത്. നാല്‍പ്പതുകാരനായ ദീപക് സ്വന്തമായി ബിസിനസ്സ് തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും എന്നാല്‍ കടക്കെണിയില്‍ പെട്ടുപോകുകായിരുന്നുവെന്നും ഇവരുടെ വീട്ടുടമ പറഞ്ഞു.

30 കാരനായ സഹോദരന്‍ രൂപേഷ് തൊഴില്‍രഹിതനായിരുന്നു. മറ്റ് അഞ്ച് പേരുടെയും മൃതദേഹം കട്ടിലില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ദീപക്കിന്‍റെ മകനും മകളും മരിച്ചവരില്‍ ഉള്‍പ്പെടും. ആത്മഹത്യകുറിപ്പ് കണ്ടെത്താനായിട്ടില്ലെങ്കിലും കൂട്ട ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ദീപക്കിന്‍റെ മകളെ കൊണ്ടുപോകാന്‍ സ്കൂള്‍ വാന്‍ വന്നെങ്കിലും ആരും പുറത്തിറങ്ങിയില്ല. വാനില്‍നിന്ന് ഇറങ്ങി ഒരു വിദ്യാര്‍ത്ഥി വാതിലില്‍ തട്ടി വിളിക്കുകയും ചെയ്തു. ഈ വിദ്യാര്‍ത്ഥിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ജാര്‍ഖണ്ഡില്‍ഡ കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് രണ്ടാമത്തെ കൂട്ട ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹസാരിബാഗില്‍ കടക്കെണിയില്‍പ്പെട്ട് ആറംഗ കുടുംബം ആത്മഹത്യ ചെയ്തിരുന്നു. ദില്ലിയിലെ ബുരാരിയില്‍ ജൂലൈ ഒന്നിനാണ് 11 അംഗ കുടുംബം ആത്മഹത്യ ചെയ്തത്.