ചെറിയ ജലദോഷം പോലുമില്ലാത്ത സെലിബ്രേറ്റികളെ കൊല്ലുക, ഇല്ലാത്ത രോഗം പടര്‍ത്തുക, വിവാഹത്തെ കുറിച്ച് ചിന്തിക്കാത്തവരെ വിവാഹം കഴിപ്പിക്കുക തുടങ്ങിയ ചില ഏര്‍പ്പാടുകള്‍ ഏറ്റെടുത്തു നടത്തുന്നതാണ് സോഷ്യല്‍ മീഡിയിലെ ചില വിരുതന്‍മാരുടെ ഇപ്പോഴത്തെ ജോലി. ഈ കള്ളങ്ങളുടെ പ്രചരണത്തിന്‍റെ ഉത്ഭവം കണ്ടെത്താന്‍ സാധിക്കില്ലെന്നതു തന്നെയാണ് ഇവരുടെ ധൈര്യവും.
ഇത്തരത്തില്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. കഴിഞ്ഞ ദിവസം കശ്മീരിലെ രജൗരി മേഖലയില്‍ നിയന്ത്രണരേഖ കടന്നുള്ള ആക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ പ്രഫുല്ല അംബദാസ് മൊഹര്‍ക്കറിന്‍റേ മരണത്തിനു മുമ്പുള്ള അവസാന ദൃശ്യങ്ങളാണെന്ന പേരിലുള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
എന്നാല്‍ വാസ്തവം ഇതല്ല. പ്രഫുല്ലയുടെ അവസാന നിമിഷങ്ങളെന്ന പേരില്‍ പ്രചരിക്കുന്നത് അദ്ദേഹത്തിന്‍റെ വിഡിയോ അല്ല. ഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പ് സമാനമായ ഒരു ആക്രമണത്തില്‍ പരിക്കേറ്റ സിആര്‍പിഎഫ് അസിസ്റ്റന്‍ഡ് കമാന്‍ഡന്‍ഡ് സത്വന്ത് സിങ് സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്നതിന്‍റെ ദൃശ്യങ്ങളാണത്. ഹെലികോപ്ടര്‍ വന്നാല്‍ തീ കത്തിച്ച് സൂചന നല്‍കണമെന്നും പരിക്കേറ്റ മറ്റുള്ളവരെ ശുശ്രൂഷിക്കണമെന്നുമാണ് വീഡിയോയില്‍ സത്വന്ത് സിങ് പറയുന്നത്. അന്നുതന്നെ സിആര്‍പിഎഫിന്‍റെ ഔദ്യോഗിക ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
കോലിയുടെയും അനുഷ്കയുടെയും വിവാഹ വീഡിയോ ഷെയര്‍ ചെയ്യുന്ന വീരുമൃത്യു വരിച്ച ജവാനെ കണ്ടില്ലെന്ന് നടക്കരുതെന്നും രണ്ട് വര്‍ഷം മുമ്പ് വിവാഹിതരായ പ്രഫുല്ലയുടെ ഭാര്യയോട് ആദരവ് കാണിക്കണമെന്നുമാണ് ദൃശ്യങ്ങളില്‍ പറയുന്നു.
എന്നാല്‍ വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേന മേധാവിയുമായിരുന്ന ജനറല്‍ വികെ സിങ് കഴിഞ്ഞ ദിവസം ഈ വിഡിയോ ട്വീറ്റ് ചെയ്യുകയും ഫേസ്ബുക്കില്‍ പോസ്റ്റായി ഇടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ജവാന്‍റെ പേരോ സംഭവമോ അദ്ദേഹം പരാമര്‍ശിച്ചിരുന്നില്ല. യുവാക്കളാണ് ഇന്ത്യന്‍ സേനയുടെ കരുത്ത് എന്ന കുറിപ്പോടെയായിരുന്നു വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍ ഇത് മേജര്‍ പ്രഫുല്ലയുടെതാണെന്ന തരത്തില്‍ നിരവധി ആളുകള്‍ വീഡിയോ പങ്കുവച്ച് തുടങ്ങി. ഇതോടെ വീഡിയോ വൈറലാകുകയും ചെയ്തു.
