തോക്ക് ലഭിച്ചത് മിഠായി തിരയുന്നതിനിടെ

വാഷിംഗ്ടണ്‍: മിഠായി തിരഞ്ഞെത്തിയ അഞ്ചുവയസ്സുകാരന്‍ കയ്യില്‍ കിട്ടിയ തോക്ക് ഉപയോഗിച്ച് സഹോദരനെ വെടിവച്ച് കൊന്നു. വാഷിംഗ്ടണിലാണ് ഏഴുവയസ്സുകാരന്‍ അഞ്ച് വയസ്സുള്ള തന്‍റെ സഹോദരന്‍റെ വെടിയേറ്റ് മരിച്ചത്. ഏഴ് വയസ്സുകാരന്‍ ജെര്‍മന്‍ പെരി വീടിന്‍റെ മുകളിലെ നിലയില്‍ വീഡിയോ ഗെയിം കളിക്കുകയായിരുന്നു.

ഇതിനിടെ 5 വയസ്സുകാരന്‍ മിഠായി തിരഞ്ഞ് മുകളിലെ നിലയിലെത്തി. ഇവരുടെ അമ്മ മിഠായി സൂക്ഷിച്ച് വയ്ക്കുന്നത് അവിടെയാണ്. മിഠായി തിരയുന്നതിനിടയിലാണ് അച്ഛന്‍ ഉപയോഗിക്കുന്ന തോക്ക് കുഞ്ഞിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. 

കളിപ്പാട്ടമാണെന്ന് കരുതി ഇതുമായി കളിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടയില്‍ അബന്ധത്തില്‍ വെടി പൊട്ടുകയും ജെര്‍മന്‍റെ തലയില്‍ വെടിയേല്‍ക്കുകയുമായിരുന്നു. അടുക്കളയില്‍ തിരക്കിലായിരുന്ന അമ്മ ശബ്ദം കേട്ട് ഓടി വരുമ്പോള്‍ ജെര്‍മന് ജീവനുണ്ടായിരുന്നു.

പിന്നീട് ആശുപത്രിയില്‍ വച്ചാണ് ജെര്‍മന്‍ മരിച്ചത്. 2015ലെ കണക്ക് പ്രകാരം 14 വയസ്സിനും അതിന് താഴെയുമുള്ള 100 ഓളം കുട്ടികളാണ് ഓരോ വര്‍ഷവും അമേരിക്കയില്‍ കൊല്ലപ്പെടുന്നത്.