ഒരു മസ്ജിദിന്റെ മുകളിലാണ് ആളുകൾ കയറി നിൽക്കുന്നത്. ഇപ്പോൾ പള്ളിയുടെ അകത്തേയ്ക്കും വെളളം കയറിത്തുടങ്ങിയിട്ടുണ്ട്.
തൃശൂർ: എറണാകുളം-തൃശൂർ റൂട്ടിൽ ചാലക്കുടിയ്ക്ക് സമീപം കുറുമശ്ശേരി-പാറക്കടവ് -കൊച്ചുകടവ് പ്രദേശത്ത് എഴുപതോളം ആളുകൾ കുടുങ്ങിക്കിടക്കുന്നു. ഒരു മസ്ജിദിന്റെ മുകളിലാണ് ആളുകൾ കയറി നിൽക്കുന്നത്. ഇപ്പോൾ പള്ളിയുടെ അകത്തേയ്ക്കും വെളളം കയറിത്തുടങ്ങിയിട്ടുണ്ട്.
ഇവിടെ രക്ഷാപ്രവർത്തനത്തിന് ബോട്ടില്ല എന്നതാണ് ഇപ്പോൾ ഇവർ നേരിടുന്ന പ്രശ്നം. ഒരു ഫൈബർ ബോട്ട് മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. അതിൽ നാല് പേർക്ക് മാത്രമേ കയറാൻ സാധിക്കൂ. രക്ഷാപ്രവർത്തനത്തിനിടയിൽ ഈ ബോട്ട് അപകടത്തിൽപെട്ടിരുന്നു. ഇതിലുണ്ടായിരുന്നവർ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.
''അധികൃതരുമായി ബന്ധപ്പെടാൻ യാതൊരു വഴിയുമില്ലാത്ത അവസ്ഥയിലാണിവിടുത്തെ ജനങ്ങൾ. മൂന്ന് ദിവസങ്ങളായി വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിട്ട്. മൊബൈല്‍ റേഞ്ചും ഇടയ്ക്ക് പൂർണ്ണമായും ഇല്ലാതാകുന്നുണ്ട്. ഞങ്ങൾക്ക് ആരെയും ബന്ധപ്പെടാൻ സാധിക്കുന്നില്ല. എല്ലാ ലൈനുകളും ബിസിയാണെന്ന് വിളിക്കുമ്പോൾ പറയുന്നു.'' ഇക്കൂട്ടത്തിലൊരാളായ മൻസൂർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
മാത്രമല്ല ഇവിടെ വെള്ളമോ ആഹാരമോ കിട്ടാത്ത അവസ്ഥയാണുള്ളത്. ആരെങ്കിലും സഹായിക്കണമെന്ന് ഇവർ ഒരേ സ്വരത്തിൽ അഭ്യർത്ഥിക്കുന്നു. ചാലക്കുടിപ്പുഴ മുറിഞ്ഞൊഴുകിക്കൊണ്ടിരിക്കുകയാണ്. റോഡിലും പരിസരപ്രദേശങ്ങളിലും അനുനിമിഷം വെള്ളത്തിന്റെ വരവ് കൂടിക്കൊണ്ടിരിക്കുകയാണ്.
