ദില്ലിയിൽ അനധികൃത സെക്സ് മസാജ് പാര്‍ലറുകള്‍ സജീവമാകുന്നു

ദില്ലി: നഗരത്തിൽ അനധികൃത സെക്സ് മസാജ് പാര്‍ലറുകള്‍ സജീവമാകുന്നു. കഫേ ലൈസന്‍സിന്‍റെ മറവിലാണ് പാര്‍ലറുകളുടെ പ്രവര്‍ത്തനം. കഫേ ജോലിക്കായി എത്തിച്ച ട്രാന്‍സ്ജെന്‍ഡേഴ്സിനെ ചൂഷണം ചെയ്താണ് ഇവിടെ അനധികൃത മസാജ് പാർലറുകൾ പ്രവർത്തിക്കുന്നത്.

യുനസ്കോയുടെ ലോകപൈതൃക പട്ടികയിലുള്ള ഖുത്ബ് മിനാറിന് സമീപത്തെ ക്യു കഫേ.സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് മാത്രമായുള്ള ടീ കഫേയെന്ന് പരസ്യവാചകം .എന്നാല്‍ നേരം ഇരുട്ടന്നതോടെ കഫേയുടെ നിറം മാറും. ടീ ഷോപ്പ് ബാര്‍ ലോഞ്ച് ആകും. മദ്യസല്‍കാരത്തിനിടയില്‍ ട്രാന്‍സ്ഡെന്ഡേഴ്സിന്‍റെ ആട്ടവും പാട്ടും.ടീ ഷോപ്പില്‍ എത്തുന്നവരെ പ്രത്യേക മസാജ് മുറികളേക്ക് കൊണ്ടുപോവുകയാണ് ഇവരുടെ ദൗത്യം.വിദേശികളാണ് പ്രധാന ഇടപാടുകാര്‍

 ഞാന്‍ ലൈംഗികത്തൊഴിലാളിയാണ്. ഡാന്‍സിനിടയില്‍ ഇടപാടുകാരെ താത്പര്യപ്പെടുത്തി മസാജ് മുറികളിലേക്ക് കൊണ്ടു പോകും. ഇടപാടുകാര്‍ താത്പര്യം അറിയിച്ചാല്‍ ഗസ്റ്റ് ഹൗസില്‍ കൊണ്ടുപോകാന്‍ സൗകര്യമുണ്ട്. ചില ആളുകള്‍ പോക്കറ്റ് മണി നല്‍കും... ഇത് ട്രാന്‍സ് ജെന്‍ററായ സമീറയുടെ വാക്കുകളാണ്.

നീക്കം വിജയിച്ചാല്‍ ഇടപാടിന്‍റെ ഒരു പങ്ക് ഇവര്‍ക്ക് ലഭിക്കും. പല ഇടങ്ങളില്‍ ജോലി തേടി ചെന്നിട്ടും ലഭിക്കാതായതോടെയാണ് സമീറയടക്കമുള്ളവര്‍ ഈ ജോലിയിലേക്ക് എത്തിപ്പെട്ടത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജോലികളിലും,വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ട്രാന്‍സ്ജെന്‍ഡേഴ്സിന് സംവരണം ഏര്‍പ്പെടുത്തണമെന്നായിരുന്നു 2014 ഏപ്രിലിലെ സുപ്രീംകോടതി നിര്‍ദേശം.എന്നാല്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് രാജ്യത്തെ പൗരന്‍റെ അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്ന പ്രത്യേക നിയമം പോലും പാര്‍ലമെന്‍റ് പാസാക്കിയിട്ടില്ല.