കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലെ ഇടനിലക്കാരന്‍ അറസ്റ്റില്‍.കൊല്‍ക്കത്ത സ്വദേശി റിപ്പണ്‍ മുഹമ്മദ് മുല്ലയാണ് പിടിയിലായത്. പോലീസ് രക്ഷപെടുത്തിയ പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത് ഇയാളാണ്.

കൊല്‍ക്കത്ത സ്വദേശിയായ റിപ്പണ്‍ മുഹമ്മദ് ഒന്നരവര്‍ഷമായി ബാഗ്‌ളൂരിലാണ് താമസം.ഇയാളുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തിയാണ് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ച് പെണ്‍വാണിഭ സംഘത്തിന് കൈമാറിയത്.കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യപ്രതി അജിയെ ഇയാള്‍ക്ക് ഒന്നര വര്‍ഷമായി പരിചയമുണ്ട്.കൂടുതല്‍ പെണ്‍കുട്ടികളെ അജിക്ക് കൈമാറിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം കെഎസ്ആര്‍ടിസി ബസ്സറ്റാന്‍ഡിനു സമീപം കമ്മട്ടിപ്പാടത്തെ സിറ്റി ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നതെ്. വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയാണ് ഇടപാടുകാരെ എത്തിച്ചിരുന്നത്.

കൊല്‍ക്കത്ത സ്വദേശിയായ പെണ്‍കുട്ടിയെ പോലീസ് രക്ഷിച്ചിരുന്നു. കൊച്ചി സിറ്റി ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ്ങിലെ അംഗങ്ങള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.