അഹമ്മദാബാദ്: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം പിടിയിലായ സെക്‌സ് റാക്കറ്റിന് പിന്നില്‍ മുതിര്‍ന്ന ബിജെപി നേതാക്കളെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടി. പിടിയിലായ ബിജെപി നേതാക്കളുടെ പേരുകള്‍ മറച്ചുവയ്ക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമമെന്നും അതുകൊണ്ടു തന്നെ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമായിരുന്നു മൂന്ന് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ബിജെപി അബ്ഡാസ താലൂക്ക് പ്രസിഡന്‍റ് ശാന്തിലാല്‍ സോളങ്കി, ഗാന്ധിദാം മുന്‍സിപാലിറ്റിയിലെ ബിജെപി കൗണ്‍സിലര്‍ ഗോവിന്ദ് പരുമാലിന്, ബിജെപി പ്രവര്‍ത്തകന്‍ അജിത്ത് രാം വാണി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന സെക്രട്ടറി കെ.സി പട്ടേല്‍ അറിയിച്ചു.
എന്നാല്‍ സംഘത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരുടെ പിന്തുണയില്ലാതെ ഈ റാക്കറ്റിന് മുന്നോട്ട് പോകാനാകില്ലെന്നുമാണ് ആംആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. ഇരുപത്തിമൂന്നുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തി അന്വേഷണത്തിലാണ് സെക്‌സ് റാക്കറ്റിനെ പിടികൂടുന്നത്.
നാലു ബിജെപി നേതാക്കള്‍ ഉള്‍പ്പടെ ഒന്‍പതു പേര്‍ പീഡിപ്പിച്ചെന്നായിരുന്നു ഇരുപത്തിമൂന്നുകാരി പോലിസിനോട് പറഞ്ഞത്. കുച്ച് ജില്ലയിലെ 35 ഓളം സ്ത്രീകള്‍ ഇവരുടെ വലയിലാണെന്നും വ്യവസായികളും രാഷ്ട്രീയ നേതാക്കളുമാണ് ഇതിന് പിന്നിലെന്നും പരാതിക്കാരി പോലിസിനോട് പറഞ്ഞു. ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിളിച്ചു വരുത്തിയാണ് തന്നെ നേതാക്കള്‍ പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറഞ്ഞു.
