റോം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും വാങ്ങാന്‍ പണം നല്‍കി ലൈംഗികത്തൊഴിലിലേക്ക് നയിച്ച ഇടപാടുകാരന് കോടതിയുടെ അപൂര്‍വശിക്ഷ. 15കാരിയായ പെണ്‍കുട്ടിക്ക് സ്ത്രീത്വത്തിന്‍റെ മഹത്വം വിളിച്ചോതുന്ന 30 പുസ്തകങ്ങള്‍ വാങ്ങിനല്‍കണമെന്നാണ് കോടതി വിധി. റോമിലാണ് സംഭവം. റോം ആസ്ഥാനമായ ലൈംഗികത്തൊഴിലാളി ശൃംഖലയെക്കുറിച്ച് 2013ല്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിധി.
വിര്‍ജീനിയ വൂള്‍ഫിന്‍റെ നോവലുകളും ആന്‍ ഫ്രാങ്കിന്‍റെ ഡയറിയും എമിലി ഡിക്കിന്‍സണിന്‍റെ കവിതകളും ഉള്‍പ്പെടുന്ന പുസ്തകങ്ങളാണ് പ്രതി വാങ്ങിനല്‍കേണ്ടത്. സ്ത്രീശാക്തീകരണത്തിലൂന്നിയ രണ്ട് സിനിമകളും നല്‍കണം. കൂടാതെ 35 വയസ്സുള്ള ഇടപാടുകാരന് രണ്ട് വര്‍ഷത്തെ തടവുശിക്ഷയും കോടതി വിധിച്ചു. 14, 15 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ ലൈംഗികവൃത്തിക്കായി ഉപയോഗിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
പെണ്‍കുട്ടികള്‍ക്ക് പുതിയ വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും വാങ്ങാന്‍ പണം നല്‍കി അവരെ ലൈംഗികത്തൊഴിലിലേക്ക് ആകര്‍ഷിക്കുകയായിരുന്നെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തന്‍റെ സ്ത്രീത്വത്തിനാണ് യഥാര്‍ഥത്തില്‍ അപകടം സംഭവിച്ചതെന്ന് പുസ്തകങ്ങളിലൂടെ പെണ്‍കുട്ടി തിരിച്ചറിയണമെന്നാണ് ജഡ്ജിയുടെ വിധിയെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
