പീഡനം സഹിക്കാനാവാതെ കേരളത്തിലുള്ള അമ്മയെ വിളിച്ച് വിവരം പറഞ്ഞുവെന്നും ബാലന്‍ പരാതിയില്‍ പറയുന്നു.

ചെന്നൈ: 45കാരിയായ സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് 17 വയസുകാരന്റെ പരാതി. വിര്‍ഗമ്പാക്കത്തെ സ്റ്റുഡിയോയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന മലയാളി ബാലനാണ് തന്റെ തൊഴിലുടമ കൂടിയായ സ്ത്രീക്കെതിരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയത്. 

ഏപ്രില്‍ 24നാണ് ബാലന്‍ പരാതിപ്പെട്ടത്. കേരളത്തിലെ നിര്‍ധന കുടുംബത്തില്‍ നിന്നുള്ള ബാലനെ മൂന്ന് വര്‍ഷം മുന്‍പ് ഇവിടെ നടന്ന ഒരു ചടങ്ങില്‍ വെച്ചാണ് സ്ത്രീയും ഭാര്‍ത്താവും പരിചയപ്പെട്ടത്. തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണവും വിദ്യാഭ്യാസ ചിലവുകളും ഏറ്റെടുക്കാമെന്ന് സമ്മതിച്ച് അവര്‍ ചെന്നൈയിലേക്ക് കൊണ്ടുവരികയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയ്ക്കും ഭര്‍ത്താവിനും ഒപ്പം തന്നെയാണ് ബാലനും കഴിഞ്ഞുവന്നത്. ഇവരുടെ സ്റ്റുഡിയോയില്‍ പാര്‍ട്ട് ടൈം ഡബ്ബിങ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിരുന്ന ബാലന് ഇതിന് വേറെ പ്രതിഫലവും നല്‍കിയിരുന്നു.

എന്നാല്‍ പിന്നീട് സ്ത്രീ തനിക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുകയും തന്നെ തെറ്റായ രീതിയില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് കുട്ടിയുടെ പരാതി. പിന്നീട് ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നുവെന്നും ബാലന്‍ ആരോപിച്ചു. തന്റെ വസ്ത്രങ്ങള്‍ക്കിടയില്‍ ഗര്‍ഭനിരോധന ഉറകളുടെ കവറുകള്‍ വെച്ച് ഫോട്ടോ എടുത്ത ശേഷം മറ്റ് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ചിത്രങ്ങള്‍ അയച്ചുകൊടുത്തു. പീഡനം സഹിക്കാനാവാതെ കേരളത്തിലുള്ള അമ്മയെ വിളിച്ച് വിവരം പറഞ്ഞുവെന്നും ബാലന്‍ പരാതിയില്‍ പറയുന്നു.

ചൈല്‍ഡ് ലൈന്‍ പരാതി സി.ബി.സി.ഐ.ഡിക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ ബാലന്‍ വീട്ടിലെ ജോലിക്കാരിയോട് അപരമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ഏപ്രില്‍ 17ന് തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നാണ് സ്ത്രീയും ഭര്‍ത്താവും അറിയിച്ചത്. കുട്ടിയുടെ വിദ്യാഭ്യാസ ചിലവുകള്‍ ഏറ്റെടുത്താണ് തങ്ങള്‍ കേരളത്തില്‍ നിന്ന് കൊണ്ടുവന്നത്. ജോലിക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന വിവരം അറിഞ്ഞപ്പോള്‍ കാര്യം അന്വേഷിച്ചെങ്കിലും അവന്‍ നിഷേധിച്ചു. സാധനങ്ങള്‍ പരിശോധിച്ചപ്പോള്‍ ചില കുറിപ്പുകളും ഗര്‍ഭനിരോധന ഉറകളും കണ്ടെത്തി. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ട് പരാതികളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിച്ചു.