പൊലീസുകാരെ റോഡിൽ ആക്രമിച്ച കേസില്‍ കീഴടങ്ങിയ എസ്എഫ്ഐ നേതാവ് റിമാൻഡിൽ.  അടുത്ത മാസം 13 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരെ നടുറോഡില്‍ ആക്രമിച്ചകേസിലെ പ്രതിയായ എസ്എഫ്ഐ നേതാവ് നസീം റിമാൻഡിൽ. ഇന്ന് ഉച്ചയോടെയാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ നസീം കന്‍റോൺമെന്‍റ് സ്റ്റേഷനിൽ കീഴടങ്ങിയത്. 

ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ പാളയത്ത് റോഡിലിട്ട് മർദ്ദിച്ച കേസിലെ പ്രതിയായ നസീം മന്ത്രിമാരുടെ പരിപാടയിൽ പങ്കെടുത്തത് വിവാദമായതോടെയാണ് കീഴടങ്ങൽ. ജാമ്യമില്ലാ കേസിൽ അഞ്ചാം പ്രതിയായ നസീമിനെ അടുത്ത മാസം 13 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഒന്നര മാസത്തിന് മുമ്പാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ എസ്എഫ്ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ നടുറോഡില്‍ വച്ച് മര്‍ദിച്ചത്.

കഴിഞ്ഞ ഒന്നരമാസമായി ഒളിവില്ലെന്ന് പൊലീസ് പറയുന്ന ജാമ്യമില്ലാ കേസിലെ പ്രതി കഴിഞ്ഞ ദിവസം മന്ത്രിമാരുടെ പരിപാടിയിൽ പങ്കെടുത്ത വിവാദമായിരുന്നു. ഇതേതുടർന്ന് സിപിഎം നേതൃത്വത്തിൻറെ നിർദ്ദേശ പ്രകാരം നസിം കീഴടങ്ങിയത്. മർദ്ദനമേറ്റ ഒരു പൊലീസ്കാരൻ കള്ളമൊഴി നൽകിയാണ് നസീമിനെ പ്രതിയാക്കിയെന്ന് സിപിഎം ആരോപിച്ചു. ഈ കേസിൽ നാല് എസ്എഫ്ഐ പ്രവർത്തകർ നേരത്തെ കീഴടങ്ങിയിരുന്നു.