തിരുവനന്തപുരം: തിരുവനന്തപുരം എംജി കോളജിന് മുന്നില്‍ എസ് എഫ് ഐ-എബിവിപി സംഘര്‍ഷം. എബിവിപി നിയന്ത്രണത്തിലുള്ള എം ജി കോളജില്‍ എസ് എഫ് ഐ യൂണിറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇരു വിഭാഗത്തെയും പരിച്ചുവിടാന്‍ ഗ്രനേഡും, ജലപീരങ്കിയും പ്രയോഗിച്ചു.

യൂണിറ്റ് രൂപീകരിച്ചവരെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ചിനെ നേരിടാന്‍ എബിവിപി പ്രവര്‍ത്തകര്‍ രംഗത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും കല്ലേറും, കുപ്പിയേറും തുടങ്ങി. തുടര്‍ന്ന് കൂടുതല്‍ പോലിസ് രംഗത്തെത്തി.പിരിഞ്ഞു പോകാതിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. എസ്എഫ്ഐക്കാര്‍ പിരിഞ്ഞു പോയെങ്കിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുക്കയാണിപ്പോഴും.

എസ്എഫ്ഐയുടെ കോട്ടയായ യുണിവേഴ്‌സിറ്റി കോളേജില്‍ എബിവിപിയും എബിവിപിയുടെ ശക്തികേന്ദ്രമായ എംജി കോളേജില്‍ എസ്എഫ്ഐയും യുണിറ്റുകള്‍ തുറക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംഘര്‍ഷം നിലനിന്നിരുന്നു.ഇതാണ് ഇന്ന് പ്രതിഷേധ മാര്‍ച്ചിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചത്. എബിവിപി ആയിരുന്നു ആദ്യം മാര്‍ച്ച് നടത്തിയത്. പിന്നാലെ എസ്എഫ്ഐക്കാര്‍ എംജികോളേജിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു.