Asianet News MalayalamAsianet News Malayalam

താനെ കോള്‍ സെന്റര്‍ തട്ടിപ്പ്; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

Shaggy The Mastermind Of Thane Fake Call Centre Scam Finally Arrested In Mumbai
Author
Thane, First Published Apr 8, 2017, 4:22 PM IST

താനെ: താനെ കോള്‍ സെന്റര്‍ തട്ടിപ്പിലെ മുഖ്യപ്രതി ഷാഗിയെന്ന സാഗര്‍ തക്കര്‍ അറസ്റ്റില്‍. നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് അമേരിക്കക്കാരെ കോള്‍ സെന്‍ററുകളില്‍ നിന്നും വിളിച്ച് 30 കോടി ഡോളര്‍ തട്ടിയെടുത്ത കേസിലെ സൂത്രധാരനാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബ‍ര്‍ നാലിന് മുംബൈക്കടുത്ത് മീരാ റോഡിലെ കോള്‍ സെന്ററില്‍ പൊലീസ് റെയിഡ് നടത്തിയപ്പോഴാണ് കോടികളുടെ തട്ടിപ്പ് പുറത്തയാത്. തുടര്‍ന്ന് അഹമ്മദാബാദിലെയടക്കം ആറ് കോള്‍സെനററുകള്‍ പരിശോധിച്ച പൊലീസ് 700ഓളം ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും കോള്‍ സെന്റെ ഡയറക്ടര്‍മാരുള്‍പെടെയുള്ള 70 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പൊലീസ് അറസ്റ്റ് ചെയ്യാനെത്തും മുന്‍പ് ദുബൈയിലേക്ക് കടന്നുകളഞ്ഞ മുഖ്യസൂത്രധാരന്‍ സാഗര്‍ തക്കറിനെ ഇന്നലെ അര്‍ദ്ധരാത്രിയാണ് പൊലീസ് പിടികൂടിയത്. ദുബൈയില്‍ നിന്നും മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെയായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം പതിമൂന്ന് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ്  കോള്‍ സെന്ററുകളള്‍വഴി ഫോണ്‍ വിളിച്ച് ആയിരക്കണക്കിന് അമേരിക്കക്കാരില്‍നിന്നും നിന്നും 30 കോടി ഡോളര്‍ സാഗറും കൂട്ടാളികളും തട്ടിയെടുക്കുകയായിരുന്നു.

പതിനയ്യായിരം അമേരിക്കക്കാര്‍ തട്ടിപ്പുസംഘത്തിന്റെ കെണിയില്‍ പെട്ടതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2013 മുതല്‍ താനെ, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആറ് കോള്‍ സെന്‍ററുകള്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്. ഷാഗി എന്നു വിളിക്കുന്ന സാഗര്‍ ആഢംബര ജീവിതം നയിച്ചിരുന്നതായും പാര്‍ട്ടികള്‍ക്കും ആഡംബര കാറുകള്‍ക്കുമായി വന്‍ തുകകള്‍ ചെലവഴിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. തട്ടിപ്പിലൂടെ കോടിശ്വരനായ 24കാരനായ സാഗര്‍ കാമുകിക്ക് ജന്മദിന സമ്മാനമായി നല്‍കിയത് രണ്ടര കോടിയുടെ ഓഡി കാറാണ്.

 

Follow Us:
Download App:
  • android
  • ios