വടക്കാഞ്ചേരി: ഷഹീർ ഷൗക്കത്തലി കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ ആകെ 7 പ്രതികളാണുള്ളത്. വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെ ഒന്നാം പ്രതിയും കോളേജ് പി.ആർ.ഒ സഞ്ജിത്ത് വിശ്വനാഥനെ രണ്ടാം പ്രതിയുമാക്കിയാണ് ഷഹീർ ഷൗക്കത്തലി കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 

കോളേജ് നിയമോപദേശക സുചിത്ര, വത്സലകുമാർ, ശ്രീനിവാസൻ, സുകുമാരൻ, ഗോവിന്ദൻ കുട്ടി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. തട്ടിക്കൊണ്ടുപോകൽ, മർദ്ദനം, അന്യായമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ, നിർബന്ധിച്ച് രേഖകളിൽ ഒപ്പുവെപ്പിക്കുക, എന്നീ കുറ്റങ്ങൾക്ക് പുറമെ ഷഹീറിന്റെ ഇ.മെയിൽ അനുമതിയില്ലാതെ ഉപയോഗിച്ചതിന് ഐ.ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. 

എഴുപതോളം സാക്ഷികളാണ് കേസിലുള്ളത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കോളേജിലെ സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ പരാതി നല്‍കിയതിന് പാമ്പാടി നെഹ്‌റു കോളേജിലെ ഇടിമുറിയിലെത്തിച്ച് ഷഹീറിനെ മര്‍ദിച്ചുവെന്നാണ് കേസ്. ജിഷ്ണു കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുന്‍പായിരുന്നു സംഭവം.