തിരുവനന്തപുരം: ജിഷ്‌ണുവിന്റെ കുടുംബം നടത്തിയ സമരത്തെ സഹായിച്ചതില്‍ അഭിമാനമുണ്ടെന്ന് എസ് യു സി ഐ നേതാവ് ഷാജിര്‍ ഖാന്‍ പറഞ്ഞു. ജയില്‍ മോചിതനായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാസ്തവത്തില്‍ ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയും പൊലീസും ആഭ്യന്തരവകുപ്പുമാണെന്ന് ഷാജിര്‍ഖാന്‍ ആരോപിച്ചു. ജിഷ്ണു ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ എന്ന നിലയിലാണ് താന്‍ ഉള്‍പ്പടെയുള്ളവര്‍ സമരത്തില്‍ പങ്കെടുത്തത്. സമരം നയിച്ചതും സമരമുറ തീരുമാനിച്ചതും ജിഷ്‌ണുവിന്റെ ബന്ധുക്കളായിരുന്നു. അവരെ സഹായിക്കുക മാത്രമാണ് ചെയ്തത്. അങ്ങനെ സഹായിച്ചതില്‍ അഭിമാനമുണ്ടെന്നും ഷാജിര്‍ഖാന്‍ പറഞ്ഞു. ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരും. സമരത്തെ സഹായിക്കുന്നവര്‍ ഗൂഢാലോചനക്കാരും നുഴഞ്ഞുകയറ്റക്കാരുമാണെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ജനാധിപത്യത്തെക്കുറിച്ച് പ്രാഥമിക ധാരണ പോലുമില്ലെന്നും ഷാജിര്‍ഖാന്‍ പറഞ്ഞു.