ഷാര്‍ജ: ഷാര്‍ജയിലെ മലബാര്‍ ഗോള്‍ഡില്‍ കവര്‍ച്ച നടത്തിയ നാലംഗ പാകിസ്ഥാന്‍ സംഘത്തില്‍ മൂന്ന് പേരെ പോലീസ് പിടികൂടി. പ്രതികളില്‍ ഒരാള്‍ മോഷണം നടന്ന് മണിക്കൂറുകള്‍ക്കമാണ് രാജ്യംവിട്ടത്. പിടികൂടിയവരില്‍ നിന്നും ഏഴുകിലോ സ്വര്‍ണവും വജ്രാഭരണങ്ങളും കണ്ടെടുത്തു. ഷാര്‍ജ റോള പാര്‍ക്കിന് സമീപമുള്ള മലബാര്‍ ഗോള്‍ഡില്‍ ശനിയാഴ്ച രാവിലെ 4.50നാണ് വന്‍ മോഷണം നടന്നത്.

പാക്കിസ്ഥാനില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തിയ മൂന്നുപേരടക്കം നാലുപേരാണ് മോഷണം നടത്തിയത്. സംഭവം നടന്ന് 30 മണിക്കൂറിനകം സിഐഡി പ്രതികളെ പിടികൂടി. കവര്‍ച്ച ചെയ്യപ്പട്ട രണ്ടുകോടി നാല്‍പത്തിമൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ഏഴ് കിലോ സ്വര്‍ണവും. 27 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും പിടിച്ചെടുത്തതായും ഷാര്‍ജ പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കവര്‍ച്ച നടന്നത് ഇങ്ങനെ, മൂന്നു പേര്‍ പുറത്തു കാവല്‍ നിന്നപ്പോള്‍ ഒരാള്‍ ജ്വല്ലറിക്കകത്തുകയറി സ്വര്‍ണങ്ങള്‍ വാരിക്കൂട്ടി കവറിലാക്കി. ഷട്ടര്‍ കുത്തിതുറക്കാനുള്ള നാലുമിനുട്ടും ആഭരണങ്ങള്‍ വാരിയെടുക്കാനുള്ള മൂന്നുമിനുട്ടുമടക്കം ഏഴുമിനുട്ട് മാത്രമാണ് സംഘത്തിന് വേണ്ടിവന്നതെന്ന് പോലീസ് പറഞ്ഞു. ആസൂത്രിതമായിട്ടായിരുന്നു മോഷണമെന്ന് ജ്വല്ലറിയിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഈ ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

ജ്വല്ലറിക്കുള്ളില്‍ മോഷ്ടാക്കള്‍ കടന്നയുടന്‍ പോലീസ് ആസ്ഥാനത്ത് അലാറം മുഴങ്ങിയിരുന്നു. തുടര്‍ന്ന് 10മിനുട്ടിനുള്ളില്‍ പോലീസ് സംഭവസ്ഥലത്തെത്തുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. രാവിലെയോടെ പ്രതികളെകുറിച്ച് വ്യക്തമായ സൂചന കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെ പിടികൂടിയത്. ജ്വല്ലറികകത്തുകയറി സ്വര്‍ണം മോഷ്ടിച്ചയാള്‍ ആറുമണിക്കൂറിനുള്ളില്‍ പാക്കിസ്ഥാനിലേക്ക് കടന്നതായും പോലീസ് പറഞ്ഞു. ഇന്ത്യക്കുപുറത്തുള്ള മലബാര്‍ ഗോള്‍ഡിന്റെ ആദ്യ ഷോറൂമിലാണ് മോഷണം നടന്നത്.