തിരുവനന്തപുരം: കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലുണ്ടായ പ്രളയത്തിൽ നിന്നും കേരളത്തെ കൈപിടിച്ചു കര കയറ്റിയ മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്ത് എംപി ശശി തരൂർ. ഇക്കാര്യം പരാമർശിച്ച് നൊബേൽ സമ്മാന സമിതിക്ക് കത്തെയച്ചിരിക്കുകയാണ് ശശി തരൂർ. എല്ലാ മത്സ്യത്തൊഴിലാളികൾക്കും നൊബേൽ സമ്മാനം നൽകണമെന്നാണ് തരൂരിന്റെ ആവശ്യം. പ്രളയം ബാധിച്ച പ്രദേശങ്ങളിൽ തങ്ങളുടെ വള്ളങ്ങളുമായി ഇവർ ഓടിയെത്തിയിരുന്നു. കേരളത്തിന്റെ മഹാസൈന്യം എന്നായിരുന്നു മുഖ്യമന്തി ഇവരെ വിശേഷിപ്പിച്ചത്. 

''2019 ലെ നൊബേൽ സമ്മാനത്തിന് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ഞാൻ നാമനിർദ്ദശം ചെയ്യുന്നു. സ്വന്തം സുരക്ഷയെക്കുറിച്ചല്ല അവർ ചിന്തിച്ചത്. മറിച്ച് അപരിചിതരെ രക്ഷിക്കുന്നതിനെക്കുറിച്ചാണ്. കൂടാതെ സർക്കാർ നൽകിയ പാരിതോഷികം പോലും നിരസിച്ച് അവർ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയായിരുന്നു. കേരളത്തെ രക്ഷിക്കാൻ അവർ പ്രകടിപ്പിച്ച നിശ്ചയദാർഢ്യം എല്ലാ പ്രശംസകൾക്കും അപ്പുറമാണ്.'' ശശി തരൂർ കത്തിൽ പറയുന്നു. 

കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിൽ നിന്ന് മത്സ്യത്തൊഴിലാളികൾ 65000 പേരെയാണ് രക്ഷിച്ചത്. പ്രളയത്തിൽ 488 പേർക്കാണ് ജീവൻ നഷ്ടമായത്. അതുപോലെ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കേരളത്തിനുണ്ടായത്.