'എങ്ങനെ ഒരു കൊലപാതകം നടത്താം', 'ഒരാളെ കൊല്ലാനും പിടിക്കപ്പെടാതിരിക്കാനുമുള്ള 16 വഴികള്‍' തുടങ്ങിയവയാണ് കുട്ടിയുടെ മരണത്തിന് മണിക്കൂറുകള്‍ മുമ്പ് അമ്മയായ സ്റ്റെഫാനി ലാഫൗണ്ടെയിന്‍ ഇന്‍റര്‍നെറ്റില്‍ തിരഞ്ഞത്
അലാസ്ക: പതിമൂന്ന് മാസം പ്രായമായ കുഞ്ഞിന്‍റെ ദുരൂഹ മരണത്തില്‍ അന്വേഷണം നടത്തിയ പൊലീസ് സംഘം കണ്ടെത്തിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത്. കുട്ടിയുടെ അമ്മയുടെ ഇന്‍റര്‍നെറ്റ് സര്‍ച്ചിംഗ് ഹിസ്റ്ററിയില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്.
'എങ്ങനെ ഒരു കൊലപാതകം നടത്താം', 'ഒരാളെ കൊല്ലാനും പിടിക്കപ്പെടാതിരിക്കാനുമുള്ള 16 വഴികള്‍' തുടങ്ങിയവയാണ് കുട്ടിയുടെ മരണത്തിന് മണിക്കൂറുകള്‍ മുമ്പ് അമ്മയായ സ്റ്റെഫാനി ലാഫൗണ്ടെയിന്‍ ഇന്‍റര്‍നെറ്റില്‍ തിരഞ്ഞത്. അലാസ്കയിലെ ഫെയര്‍ബാന്‍ക്സില്‍ ആണ് സംഭവം.
കുഞ്ഞിന് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് 2017 നവംബര്‍ 20നാണ് സ്റ്റെഫാനി ബന്ധുക്കളെയും അത്യാഹിത വിഭാഗത്തെയും വിവരം അറിയിച്ചത്. ഉടനെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍നിന്ന് കുഞ്ഞിന് യാതൊരുവിധ അസുഖവും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. ശരീരത്തില്‍ മുറുവുകളോ, ജനിതകപരമായ അസുഖങ്ങളോ, ആരോഗ്യ പ്രശ്നങ്ങളോ കുട്ടിയ്ക്ക് ഉണ്ടായിരുന്നില്ല. മരണ കാരണം ശ്വാസം കിട്ടാത്തതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മുമ്പ് സ്റ്റെഫാനിയുടെ മറ്റൊരു കുഞ്ഞും സമാനമായ കാരണത്താല്‍ മരിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. 2015 സെപ്റ്റംബര്‍ 15നാണ് സമാനമായ രീതിയില്‍ സ്റ്റെഫാനിയുടെ നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചത്. അത് ഒരു അപകടമാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ രണ്ടാമത്തെ കുഞ്ഞിന്‍റെ മരണത്തോടെ ഇതിലേക്കും അന്വേഷണം നീളുകയായിരുന്നു.
സ്റ്റെഫാനിയ്ക്ക് മുമ്പ് ഉണ്ടായിരുന്ന ബന്ധത്തിലേതായിരുന്നു നാല് മാസം പ്രായമായ കുഞ്ഞ്. കുട്ടിയ്ക്ക് ശ്വാസം കിട്ടുന്നില്ലെന്ന് അത്യാഹിത നമ്പറില്‍ വിളിച്ച് അറിയിക്കുകയും ബന്ധുക്കളോട് പറയുകയും ചെയ്യുകയായിരുന്നു സ്റ്റെഫാനി. കുഞ്ഞ് അന്ന് തന്നെ ശ്വാസം ലഭിക്കാതെ മരിക്കുകയും ചെയ്തു. രണ്ട് മരണത്തിലും നിലനിന്ന സമാനതകളാണ് പൊലീസിനെ അന്വേഷണം വ്യാപിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
അഞ്ച് പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. 9 മാസം നീണ്ടുനിന്ന് രഹസ്യാന്വേഷണത്തിലൂടെയാണ് സ്റ്റെഫാനിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
