മുംബൈ: ഷീന ബോറ വധക്കേസിൽ പീറ്റർ മുഖർജിയുടെ പങ്ക് വെളിപ്പെടുത്തുന്ന ടെലഫോൺ സംഭാഷണങ്ങൾ പുറത്ത്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി, പീറ്ററിന്‍റെ മകന്‍ രാഹുല്‍ മുഖര്‍ജി എന്നിവരുടെ ടെലിഫോൺ സംഭാഷണങ്ങളാണ് പുറത്തുവന്നത്. ഷീന ബോറയെ ഇന്ദ്രാണി മുഖർജിയും രണ്ടാം ഭർത്താവ് സഞ്ജിവ് ഖന്നയും ചേര്‍ന്നു കൊലപ്പെടുത്തിയെന്ന് അറിയാമായിരുന്നിട്ടും വിവരം മൂടിവയ്ക്കാന് പീറ്റർ ശ്രമിച്ചെന്നതിന് തെളിവാണ് പുറത്തായ സംഭാഷണങ്ങൾ.

പീറ്ററിന്റെ ആദ്യ ബന്ധത്തിലെ മകൻ രാഹുൽ റെക്കോർഡ് ചെയ്ത ഇരുപത് സംഭാഷണങ്ങള്‍ നേരത്തെ സി.ബി.ഐക്ക് കൈമാറിയിരുന്നു. ഇന്ദ്രാണി മുഖര്‍ജിയുമായുള്ള സംഭാഷണങ്ങളും ടേപ്പിലുണ്ട്. ഇതില് ഏഴെണ്ണം തെളിവായി കോടതിയില്‍ ഹാജറാക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.