ടെക്സാസാസില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ. ഷെറിന് പോഷകകുറവ് ഉണ്ടായിരുന്നതിനാല്‍ ഇടയ്ക്കിടെ പാല്‍ നല്‍കാറുണ്ടെന്നായിരുന്നെന്നായിരുന്നു പിതാവ് പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ സംഭവദിവസം പുലര്‍ച്ചെ പാല്‍‌ കുടിക്കാന്‍ മടി കാണിച്ച കുട്ടിയെ വീടിന് വെളിയില്‍ നിര്‍‌ത്തുകയായിരുന്നെന്നും ഇതിന് ശേഷം കാണാതാവുകയായിരുന്നു എന്നാണ് പിതാവ് പോലീസിന് ആദ്യം മൊഴി നല്‍കിയിരുന്നത്. 

എന്നാല്‍ കുട്ടിക്ക് യാതൊരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും അനാഥാലയ ഉടമ ബബിതാ കുമാരി വ്യക്തമാക്കി. ദത്തെടുക്കാനെത്തിയപ്പോള്‍ ഇരുവര്‍ക്കും കുട്ടിയോട് സ്നേഹമായിരുന്നെന്നും അനാഥാലയ ഉടമ കൂട്ടിച്ചേര്‍ത്തു. ബീഹാറിലെ നളന്ദയിലെ മദര്‍ തെരേസ അനാഥ് സേവ ആശ്രമത്തില്‍ നിന്നുമാണ് എറണാകുഴം സ്വദേശികളായ വെസ്ലി മാത്യുവും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്. 

കാണാതായതിന് ശേഷം പതിനാല് ദിവസത്തിന് ശേഷമാണ് ഷെറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതേതുടര്‍ന്ന വെസ്ലി മാത്യു പോലീസില്‍ മൊഴി മാറ്റി പറഞ്ഞിരുന്നു. പാല് നിര്‍ബന്ധിച്ച് നല്‍കിയപ്പോള്‍ ശ്വാസതടസ്സമുണ്ടായ ഷെറിനെ മരിച്ചെന്ന് കരുതി സ്ഥലത്ത് നിന്ന് മാറ്റിയെന്നും പിന്നീട് കലുങ്കിനടിയില്‍ ഒളിപ്പിക്കുകയുമായിരുന്നെന്നാണ് വെസ്ലി മൊഴി മാറ്റിയത്. 

മൊഴികളിലെ വൈരുദ്ധ്യവും കുട്ടിയെ ഉപദ്രവിച്ചെന്ന കുറ്റസമ്മതവും മൂലം വെസ്ലിയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്ത് റിച്ചര്ർഡ്സണ്ർ സിറ്റി ജയിലില്‍ അടച്ചിരിക്കുകയാണ്. സിനിയെ ചോദ്യം ചെയ്യാന്‍ അനുമതി തേടിയെങ്കിലും അവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. വെസ്ലിയുടേയും സിനിയുടേയും നാലുവയസുള്ള സ്വന്തം മകള്‍ ഇപ്പോള്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്.