500 കോടി രൂപ വായ്പ നല്‍കുന്നുവെങ്കിലും പലിശ ഈടാക്കില്ലെന്ന് വ്യക്തമാക്കിയ സമിതി അംഗം എന്നാല്‍ കരാറിനെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായില്ല. 

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന് 500 കോടി രൂപ വായ്പാ സഹായം പ്രഖ്യാപിച്ച് ഷിര്‍ദി ക്ഷേത്ര ഭരണ സമിതി. ഷിര്‍ദിയിലെ ബാബയുടെ സമാധി ഭരണസമിതിയായ ദ ശ്രീ സായിബാബ സന്‍സ്താന്‍ ട്രസ്റ്റാണ് മഹാരാഷ്ട്ര സര്‍ക്കാറിന് കനാല്‍ നിര്‍മ്മിക്കാന്‍ വായ്ര നല്‍കുന്നത്. 

പര്‍വാര നദിയിലാണ് നില്‍വണ്ടെ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇത് നാസിക്കിലേതടക്കമുള്ള 182 ഗ്രാമങ്ങള്‍ക്ക് ഉപകാരപ്രധമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്‍റെ ഗോദാവരി - മറാത്താവാഡ ജലസേചന വികസന കോര്‍പ്പറേഷനുമായി ഉടമ്പടിയില്‍ ഒപ്പുവച്ചതായി ക്ഷേത്ര സമിതി അധികൃതര്‍ പറഞ്ഞു. 500 കോടി രൂപ വായ്പ നല്‍കുന്നുവെങ്കിലും പലിശ ഈടാക്കില്ലെന്ന് വ്യക്തമാക്കിയ സമിതി അംഗം എന്നാല്‍ കരാറിനെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായില്ല. 

നില്‍വണ്ടെ ഡാമില്‍ ജലം സംഭരിക്കുന്നുണ്ടെങ്കിലും ഇരു പാര്‍ശ്വങ്ങളിലും കനാലുകള്‍ നിര്‍മ്മിച്ചാല്‍ മാത്രമേ ജലസേചനത്തിന് ഉപയോഗപ്പെടൂ എന്ന് സംസ്ഥാന ജലവിഭ വകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രധാനമന്ത്രി കൃഷി സഞ്ജീവനി യോജന പ്രകാരം 2232 കോടി രൂപ നില്‍വാണ്ടെ ഡാമിനായി ലഭിച്ചിരുന്നു. ഷിര്‍ദി ക്ഷേത്ര ഭരണ സമിതി, 350 കോടി മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന വിമാനത്താവളത്തിനായി മഹാരാഷ്ട്ര എയര്‍പോര്‍ട്ട് ഡവലപ്മെന്‍റ് കമ്പനിയ്ക്ക് നേരത്തേ 50 കോടി സഹായം കൈമാറിയിരുന്നു.