സീറ്റ് നല്‍കാത്തതുകൊണ്ടല്ല, മത്സരിക്കാത്തത്. എനിക്ക് മത്സരിക്കാന്‍ താത്പര്യമില്ല. എംപിയായി തുടരാനാണ് ആഗ്രഹം

ബെംഗളൂരു; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കര്‍ണാടക മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ശോഭ കരന്തലജെ. രണ്ട് എംപിമാരെ മാത്രം മത്സരിപ്പിക്കാനുളള പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമുദായ നേതാവായ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാന്‍ ലിംഗായത്തുകള്‍ വോട്ടു ചെയ്യുമെന്നാണ് ശോഭ കരന്തലജെയുടെ ആത്മവിശ്വാസം.

ബി.എസ്.യെദ്യൂരപ്പയുടെ വിശ്വസ്തയായ ശോഭ കരന്തലജെ ഇത്തവണ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ 72 പേരുടെ ആദ്യ പട്ടിക വന്നപ്പോള്‍ അവരുടെ പേരില്ല. സംസ്ഥാന നേതൃത്വത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ട് യെദ്യൂരപ്പ നല്‍കിയ പേരുകള്‍ അമിത് ഷാ വെട്ടിയെന്ന് അഭ്യൂഹങ്ങളും വന്നു. എന്നാല്‍ ശോഭ കരന്തലജെ എംപി ഇതെല്ലാം നിഷേധിക്കുകയാണ്. 

സീറ്റ് നല്‍കാത്തതുകൊണ്ടല്ല, മത്സരിക്കാത്തത്. എനിക്ക് മത്സരിക്കാന്‍ താത്പര്യമില്ല. എംപിയായി തുടരാനാണ് ആഗ്രഹം. എംപിമാരായ യെദ്യൂരപ്പയും ശ്രീരാമലുവും മത്സരിക്കുന്നതിന് വേറെ കാരണങ്ങളുണ്ട് - ശോഭ പറയുന്നു. 2013ല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ യെദ്യൂരപ്പയുടെ കര്‍ണാടക ജനത പക്ഷയെ നയിച്ചവരില്‍ മുന്‍നിരയിലുണ്ടായിരുന്നു ശോഭ. തിരിച്ചുവരവില്‍ അവരിപ്പോള്‍ ബിജെപിയുടെ പ്രധാനവക്താവ്.

എന്നാല്‍ ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിയില്‍ ഇപ്പോഴില്ലെന്നും അത് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നുമാണ് ശോഭയുടെ ആത്മവിശ്വാസം.കോണ്‍ഗ്രസ് വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചാലും ലിംഗായത്ത് വോട്ടുകള്‍ ചോരില്ലെന്നും പ്രതീക്ഷയുണ്ട്. വീരശൈവരും ലിംഗായത്തുകളും യെദ്യൂരപ്പയെ പിന്തുണക്കും. തങ്ങളുടെ നേതാവ് മുഖ്യമന്ത്രിയായി കാണാന്‍ അവര്‍ക്ക് താത്പര്യമുണ്ടെന്ന് ശോഭ പറയുന്നു. യെദ്യൂരിയപ്പ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാനായി സംസ്ഥാനത്തെങ്ങും ഓടി നടന്ന് പ്രചരണം നടത്തുകയാണ് ശോഭയിപ്പോള്‍. മത്സരരംഗത്തില്ലെങ്കിലും കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ സുപ്രധാനപദവിയില്‍ ശോഭ കരന്തലജെ ഉണ്ടാകുമെന്ന് കരുതുന്നവര്‍ ഏറെയാണ്.