ഇടതുപക്ഷത്തെ  പിന്തുണച്ച  തന്റെ തിരുമാനം ശരിയായിരുന്നോ എന്ന് ചെങ്ങന്നൂരുകാർ വിധിയെഴുതും

ചെങ്ങന്നൂർ: ഉപതിര‍ഞ്ഞെടുപ്പിൽ എൽ‍ഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ പരാജയപ്പെട്ടാൽ താൻ സജീവരാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് മുൻകോൺ​ഗ്രസ് നേതാവും എം.എൽ.എയുമായ ശോഭനാ ജോർജ്. ഇടതുസഹയാത്രികയായി തുടരണമോ എന്ന കാര്യം ഉപതിര‍ഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും അവർ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് തനിക്ക് അഗ്നി പരീക്ഷയാണ്. ഇടതുപക്ഷത്തെ പിന്തുണച്ച തന്റെ തിരുമാനം ശരിയായിരുന്നോ എന്ന് ചെങ്ങന്നൂരുകാർ വിധിയെഴുതും. തീരുമാനം തെറ്റെന്നു തെളിഞ്ഞാൽ പിന്നെ സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകില്ല. രാഷ്ട്രീയജീവിതത്തിൽ ഇനി ഇടതു സഹയാത്രികയായി തുടരാനാണ് മോഹം എങ്കിലും ഉപതിര‍ഞ്ഞെടുപ്പിന് ശേഷമേ ഇതേക്കുറിച്ച് അന്തിമതീരുമാനമെടുക്കൂ. 

മണ്ണുമായും മനുഷ്യനുമായും അടുപ്പമുള്ളവർ ചെങ്ങന്നൂരിൽ വിജയിക്കും. എൽ ഡി എഫ് സ്ഥാനാർഥി സജി ചെറിയാൻ കുറച്ചു കൂടി ജനങ്ങളുമായി അടുത്തിടപഴകണമെന്നും പറയുന്ന ശോഭന കോൺഗ്രസിലേക്കൊരു ഇനിയൊരു മടക്കിപ്പോക്കില്ലെന്നും വ്യക്തമാക്കുന്നു. ചില മുൻകാല രാഷ്ട്രീയ തീരുമാനങ്ങളിൽ പിഴവു പറ്റിയിട്ടുണ്ട്. എന്നാൽ സ്വന്തം നാടായ ചെങ്ങന്നൂരിൽ ഇത്തവണ പിഴവു പറ്റില്ലെന്ന ഉറച്ച വിശ്വാസമാണ് ശോഭന ജോർജ് പ്രകടിപ്പിക്കുന്നത്.