എല്‍ഡിഎഫ് ആഘോഷങ്ങളില്‍ ചെങ്കൊടിയുമായി ശോഭനാ ജോര്‍ജ്

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇട് മുന്നണി വിജയത്തിലേക്ക് നീങ്ങുമ്പോള്‍ പ്രവര്‍ത്തകരുടെ ആഘോഷങ്ങള്‍ക്കൊപ്പം ചെങ്കൊടി പിടിച്ച് ശോഭനാ ജോര്‍ജ്. നേരത്തേ ശോഭനാ ജോര്‍ജ് മത്സരിക്കുകയും വിജയം നേടുകയും ചെയ്ത മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍.മൂന്ന് തവണ ശോഭനാ ജോര്‍ജ് നിയമസഭയിലെത്തിയിരുന്നു.

കോണ്‍ഗ്രസിനോട് തെറ്റി 2016 ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിച്ച ശോഭനാ ജോര്‍ജ് ഇത്തവണ സജി ചെറിയാന് വോട്ട് തേടിയാണ് മണ്ഡലത്തിലിറങ്ങിയത്. അവര്‍ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന സംശയം നിലനില്‍ക്കുന്നതിനിടെയാണ് സജി ചെറിയാന്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചത്. പിന്നീട് ഇടത് മുന്നണിയുടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ ശോഭനാ ജോര്‍ജ് സജീവ സാന്നിദ്ധ്യമായി. 

ഇപ്പോള്‍ 10000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നിലാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന പഞ്ചായത്തുകളായ മാന്നാറും പാണ്ഡനാടുമടക്കം എല്‍ഡിഎഫ് പിടിച്ചെടുത്തു.