Asianet News MalayalamAsianet News Malayalam

ശബരിമല ശുദ്ധികലശം; തന്ത്രി കണ്ഠരര് രാജീവരിനെതിരെ ഷോക്കോസ് നോട്ടീസ്

തന്ത്രിയുടെ പ്രവര്‍ത്തി അയിത്താചാരമായി കണക്കാക്കാം. ഒരു തന്ത്രിയും ഭരണഘടനയ്ക്കും നിയമ വ്യവസ്ഥയ്ക്കും അതീതരല്ല. സമൂഹത്തില്‍ ഇത്തരത്തിലുള്ള അയിത്താചാരവും ജാത്യാചാരവും ശക്തിയുക്തം എതിര്‍ക്കേണ്ടതാണെന്നും അജയകുമാര്‍ പറഞ്ഞു. 

Shockows notice against kandararu rajeevaru on sabarimala sudhikalasam
Author
Thiruvananthapuram, First Published Jan 20, 2019, 7:02 PM IST

തിരുവനന്തപുരം:  ബിന്ദു അമ്മിണിയും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സന്നിധാനത്ത് ശുദ്ധികലശം നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരെ പട്ടികജാതി കമ്മീഷണന്‍ ഹിയറിംഗിന് വിളിച്ചിരുന്നു. എന്നാല്‍ തന്ത്രി ഹിയറിങ്ങിനെത്തിയില്ല.  ഇതേ തുടര്‍ന്ന് തന്ത്രിക്കെതിരെ പട്ടികജാതി കമ്മീഷന്‍ ഷോക്കോസ് നോട്ടീസയച്ചു.  ബിന്ദു അമ്മിണിയുടെ പരാതിയെ തുടര്‍ന്നായിരുന്നു പട്ടികജാതി കമ്മീഷന്‍ കഴിഞ്ഞ 17 -ാം തിയതി ഹിയറിംഗ് വച്ചിരുന്നത്.  

താന്‍ ദളിത് വംശജയായതിനാലാണ് തന്ത്രി നടയടച്ച് ശുദ്ധികലശം നടത്തിയതെന്ന ബിന്ദു അമ്മിണിയുടെ പരാതി കമ്മീഷന് ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തന്ത്രി കണ്ഠരര് രാജീവരിനും ദേവസ്വം കമ്മീഷണര്‍ക്കും നോട്ടീസയച്ചു. എന്നാല്‍ ഇരുവരും സിറ്റിംങ്ങില്‍ പങ്കെടുത്തില്ലെന്നും ഇതേതുടര്‍ന്നാണ് തന്ത്രിക്കും ദേവസ്വം കമ്മീഷണര്‍ക്കുമെതിരെ ഷോക്കോസ് നോട്ടീസ് അയച്ചതെന്നും പട്ടികജാതി കമ്മീഷന്‍ അംഗം എസ് അജയ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

തന്ത്രിയുടെ പ്രവര്‍ത്തി അയിത്താചാരമായി കണക്കാക്കാം. ഒരു തന്ത്രിയും ഭരണഘടനയ്ക്കും നിയമ വ്യവസ്ഥയ്ക്കും അതീതരല്ല. സമൂഹത്തില്‍ ഇത്തരത്തിലുള്ള അയിത്താചാരവും ജാത്യാചാരവും ശക്തിയുക്തം എതിര്‍ക്കേണ്ടതാണെന്നും അജയകുമാര്‍ പറഞ്ഞു. 

തലശ്ശേരി സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസി.പ്രൊഫസറാണ് നാല്പത്തിരണ്ടുകാരിയായ ബിന്ദു അമ്മിണി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു ദളിത് സമുദായാംഗമാണ്. ആദിവാസി ദളിത് അവകാശങ്ങള്‍ക്ക് വേണ്ടിക്കൂടിയാണ് താന്‍ ശബരിമല ചവിട്ടിയതെന്ന് ബിന്ദു ദര്‍ശന ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

ശബരിമല സ്ത്രീ പ്രവേശനത്തെ തുടർന്ന് തന്ത്രി നട അടച്ച് ശുദ്ധികലശം നടത്തിയത് ദേവസ്വം ബോർഡുമായി ആലോചിച്ചിട്ടല്ലെന്ന് ദേവസ്വം കമ്മീഷണർ എൻ വാസുവും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്ത്രിയുടെ തീരുമാനം പ്രഥമദൃഷ്ട്യാ തെറ്റും കോടതി അലക്ഷ്യവുമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകിയിരുന്നു. ശബരിമലയുടെ ഉടമസ്ഥാവകാശം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് തന്ത്രിക്കല്ലെന്നും അദ്ദേഹം പറഞ്ഞു. 

നടയടച്ച് ശുദ്ധികലശം നടത്താന്‍ ദേവസ്വം ബോർഡിന്‍റെ അഭിപ്രായം തന്ത്രി തേടിയില്ലെന്ന് പ്രസിഡന്‍റ് എം പത്മകുമാറും വെളിപ്പെടുത്തിയിരുന്നു. ബോര്‍ഡിന്‍റെ അനുമതിയില്ലാതെ നടയടച്ച് ശുദ്ധികലശം നടത്തിയതിന് തന്ത്രിയോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ രണ്ട് ആഴ്ച സാവകാശം വേണമെന്നായിരുന്നു തന്ത്രിയുടെ മറുപടി.
 

Follow Us:
Download App:
  • android
  • ios