എന്നാല്‍ താന്‍ പരിശോധിക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ തെറ്റ് പറ്റിയെന്നും വകുപ്പ് സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ അറിയിച്ചു. തുടര്‍ന്ന് നോട്ടുനിരോധനത്തിന്റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് പുതിയ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു

ദില്ലി: നോട്ടുനിരോധനം കാര്‍ഷികമേഖലയെ തകര്‍ത്തുവെന്ന റിപ്പോര്‍ട്ട് പിന്‍വലിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി കേന്ദ്ര കൃഷി വകുപ്പ്. റിപ്പോര്‍ട്ട് തയ്യാറാക്കിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. 

നോട്ടുനിരോധനം രാജ്യത്തെ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായെന്നും കാര്‍ഷികമേഖലയെ തകര്‍ത്തുവെന്നും സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ദിവസങ്ങള്‍ക്കകം തന്നെ പിന്‍വലിക്കുകയായിരുന്നു. റിപ്പോര്‍ട്ട് പിന്‍വലിച്ചതിന് പിന്നില്‍ സമ്മര്‍ദ്ദങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 

എന്നാല്‍ താന്‍ പരിശോധിക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ തെറ്റ് പറ്റിയെന്നും വകുപ്പ് സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ അറിയിച്ചു. തുടര്‍ന്ന് നോട്ടുനിരോധനത്തിന്റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് പുതിയ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. 

2016 നവംബറില്‍ പ്രഖ്യാപിച്ച നോട്ടുനിരോധനം കര്‍ഷകര്‍ക്ക് വിത്തും വളവും വാങ്ങാന്‍ പോലുമാകാത്ത അവസ്ഥ സൃഷ്ടിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ കാര്‍ഷികമേഖല അഭിവൃദ്ധിപ്പെട്ട് വരികയാണ്. 

ബിജെപിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മന്ത്രാലയം റിപ്പോര്‍ട്ട് പിന്‍വലിച്ചതെന്ന് ആരോപണമുണ്ട്. ആദ്യറിപ്പോര്‍ട്ടിലെ വസ്തുതകളെ അട്ടിമറിക്കുന്ന രണ്ടാം റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തീരുമാനം.