കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളും കൊലയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ ആളും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

കര്‍ണാടകയിലെ വിരാജ്‌പേട്ടയിലെ ഒരു വീട്ടില്‍ നിന്നുമാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പുറത്തു വരുന്ന വിവരം. നേരത്തെ പ്രതികളെ തേടി ബെംഗളൂരുവിലെ ചില കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നുവെങ്കിലും അവസാനനിമിഷം പ്രതികള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. 

റെയ്ഡ് വിവരം ചോര്‍ന്നതിനെ തുടര്‍ന്നാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വളരെ ശ്രദ്ധയോടെയാണ് പോലീസ് നീക്കങ്ങള്‍ നടത്തിയത്. ശുഹൈബിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതാരാണ്, എന്ത് സാഹചര്യത്തിലാണ് ക്വട്ടേഷന്‍ നല്‍കിയത്, പാര്‍ട്ടിയുടെ ഏത് തലത്തില്‍ വരെ കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നു എന്നീ കാര്യങ്ങളില്‍ ഇനി വ്യക്തത വരാനുണ്ട്. അന്വേഷണപുരോഗതി അറിയിക്കുന്നതിനായി അല്‍പസമയത്തിനകം കണ്ണൂര്‍ എസ്.പി മാധ്യമങ്ങളെ കണ്ടേക്കും എന്നും സൂചനയുണ്ട്.