Asianet News MalayalamAsianet News Malayalam

ഷുഹൈബ് വധം സിബിഐയ്ക്ക്; നടന്നത് നാടകീയ സംഭവങ്ങള്‍

  • ഏറെ നാടകീയമായിരുന്നു ഷുഹൈബ്  വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ കോടതി നടപടികള്‍
Shuhaib murder Kerala HC directs case to CBI

കൊച്ചി: ഏറെ നാടകീയമായിരുന്നു ഷുഹൈബ്  വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ കോടതി നടപടികള്‍. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കാനുള്ള   സിംഗിൾ ബഞ്ചിന്‍റെ അധികാരത്തെപ്പോലും ഒരു ഘട്ടത്തിൽ സര്‍ക്കാര്‍ ചോദ്യം ചെയ്തു. ഇതിനെ മറികടന്നാണ് കേസ് സിബിഐയ്ക്ക് വിടാനുള്ള ഉത്തരവ്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്‍റെ മാതാപിതാക്കള് സമര്‍പ്പിച്ച ഹര്‍ജി. ആദ്യം കേസ് പരിഗണിച്ച ദിവസം തന്നെ ശുഹൈബിനെ കൊത്തി നുറുക്കിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഒരു ചെറുപ്പക്കാരനോട് ചെയ്തിരിക്കുന്നത് സര്‍ക്കാര്‍ കാണുന്നില്ലേ എന്ന കോടതിയുടെ ചോദ്യമുണ്ടായി. പിന്നീട് കേസ് പരിഗണിച്ചത് ഇന്ന്. 

പതിനൊന്ന് പ്രതികളെ പിടികൂടി. കേസ് തെളിയിച്ചു കഴിഞ്ഞു. അന്വേഷണം തൃപ്തികരമാണെന്നും സ്റ്റേറ്റ്  അറ്റോണി വാദിച്ചു. നാള്‍വഴിയും അക്കമിട്ട് നിരത്തി.  ഫെബ്രുവരി 18 ന് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വച്ചിട്ട് എന്ത് ചെയ്തു എന്ന് ജസ്റ്റിസ് കെമാല്‍ പാഷയുടെ ചോദ്യം.  ആയുധം കണ്ടെത്താന്‍ 27 വരെ കാത്തിരുന്നതെന്തിനെന്നും കോടതി. വിമര്‍ശനങ്ങള്‍ തുടരുന്പോള്‍ കേസ് കേള്‍ക്കാന്‍ സിങ്കിള്‍ ബഞ്ചിന് അധികാരമില്ലെന്ന് സര്‍ക്കാര്‍ വാദമുയര്‍ത്തി. ഹര്‍ജിക്കാരനും സിബിഐയും ആ വാദത്തെ എതിര്‍ത്തു. 

സിബിഐ ഡയറക്ടറോടല്ല, സിബിഐയോടാണ് കേസ് അന്വേഷിക്കാന്‍ പറയുന്നത്. സിബിഐയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും ഓഫീസുണ്ടെന്നും അതുകൊണ്ടുതന്നെ കേസ് സിങ്കിള്‍ ബഞ്ചിന്‍റെ അധികാരപരിധിയില്‍ വരുമെന്നും  സിബിഐ അറിയിച്ചു. സര്‍ക്കാരിനെ തള്ളിയ കോടതി കേസില്‍ വാദം കേട്ടു. 

പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് നിരീക്ഷിച്ചു. തുടര്‍ കൊലകള്‍ അവസാനിപ്പിക്കാന്‍ ചെറുവിരലെങ്കിലും അനക്കാനാണ് ആഗ്രഹിക്കുന്നതെന്നും ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി. പിന്നാലെ വന്നു, കേസ് സിബിഐയ്ക്ക് വിട്ട് ഉത്തരവും.
 

Follow Us:
Download App:
  • android
  • ios