എഫ്ഐആറിൽ സതീഷിന്റെ പേര് ഗഞ്ചാരി കൂട്ടിച്ചേർത്തതോടെ അത് നീക്കം ചെയ്യാൻ യുവതി ആവശ്യപ്പെട്ടു. എന്നാൽ എഫ്ഐആറിൽനിന്നും പേര് നീക്കം ചെയ്യണമെങ്കിൽ താൻ പറയുന്നതൊക്കെ അനുസരിക്കണമെന്ന് ഗഞ്ചാരി യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.
മുംബൈ: ബലാത്സംഗത്തിന് ഇരയായ യുവതിയെ എസ്ഐ ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി പരാതി. സംഭവത്തിൽ കുറ്റാരോപിതനായ കൊങ്കണ്‍ പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ രോഹന്‍ ഗഞ്ചാരി(34) ഒളിവിലാണ്. കഴിഞ്ഞ ഒരു വർഷമായി യുവതി ഇരയായ കേസ് രോഹന്‍ ഗഞ്ചാരിയാണ് അന്വേഷിക്കുന്നത്.
യുവതിയുടെ സമ്മതമില്ലാതെ ഇവരുടെ കാമുകന്റെ പേര് ഗഞ്ചാരി എഫ്‌ഐആറില്‍ എഴുതി ചേര്‍ത്തിരുന്നു. കാമുകന്റെ പേര് എഫ്ഐആറിൽനിന്നും നീക്കം ചെയ്യണമെന്ന് യുവതി ഗഞ്ചാരിയോട് ആവശ്യപ്പെട്ടു. തുടർന്ന് എഫ്ഐആറിൽനിന്നും പേര് മാറ്റിയതോടെ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.
2015ൽ ബിവാണ്ടിയില്‍ വച്ചാണ് യുവതിയും കാമുകൻ സതീഷും കണ്ടുമുട്ടുന്നത്. നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും പെട്ടെന്നാണ് പ്രണയത്തിലാകുന്നത്. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം സതീഷിന്റെ മുൻ കാമുകി റാബിയ ഇരുവരുടേയും ബന്ധം അറിയുകയും യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനുശേഷം സതീഷുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നതിനായി റാബിയ യുവതിയെ വീട്ടിലേക്ക് വിളിച്ചു. എന്നാൽ വീട്ടിലെത്തിയ യുവതിക്ക് റാബിയ ജ്യൂസിൽ മയക്ക് മരുന്ന് കലക്കി നൽകി. തുടർന്ന് യുവതിയെ റാബിയയുടെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ശേഷം ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച റാബിയ ഇത് ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയും 50,000 രൂപ ആവശ്യപ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നു.
കഴിഞ്ഞ വർഷമാണ് റാബിയയ്ക്കും സുഹൃത്തുക്കൾക്കുമെതിരെ പരാതി നൽകാൻ യുവതി കൊങ്കണ്‍ പൊലീസ് സ്‌റ്റേഷനിൽ എത്തുന്നത്. എഫ്ഐആറിൽ സതീഷിന്റെ പേര് ഗഞ്ചാരി കൂട്ടിച്ചേർത്തതോടെ അത് നീക്കം ചെയ്യാൻ യുവതി ആവശ്യപ്പെട്ടു. എന്നാൽ എഫ്ഐആറിൽനിന്നും പേര് നീക്കം ചെയ്യണമെങ്കിൽ താൻ പറയുന്നതൊക്കെ അനുസരിക്കണമെന്ന് ഗഞ്ചാരി യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിനുശേഷം ഗഞ്ചാരി ഒളിവിൽപോയതായി മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ടൈംസ് ഒാഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
