കാസര്‍ഗോഡ്: ഫാസിസം രാജ്യസ്നേഹത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് അന്വേഷിച്ചു നടക്കുന്നകാലത്ത് മൗനം ശവതുല്യമാണെന്ന തിരിച്ചറിവിലാണ് പ്രതിഷേധിച്ചതെന്ന് നടന്‍ അലന്‍സിയര്‍.പബ്ലിസിറ്റിക്കുവേണ്ടിയല്ല ശവമായി ജീവിക്കാനില്ല എന്ന ഉറച്ചതീരുമാനവുമായാണ് തെരുവില്‍ പ്രതിഷേധത്തിനിറങ്ങിയതെന്നും അലന്‍സിയര്‍ കാസര്‍കോഡ് പറഞ്ഞു.

സംവിധായകന്‍ കമലിനോട് രാജ്യം വിട്ടു പോകാന്‍ പറഞ്ഞതിനെതിരെ കാസര്‍കോഡ് നഗരത്തില്‍ തെരുവ് നാടകം നടത്തിയതിനെ അനുകൂലിച്ചും വിമര്‍ശിച്ചും ധാരാളം പേര്‍ വിളിച്ചെന്ന് അലന്‍സിയര്‍ പറഞ്ഞു.നാടകം തന്‍റെ ജീവിതമായതിനാലാണ് തെരുവ് നാടകത്തിലൂടെ ഫാസിസത്തിനെതിരെ പ്രതികരിച്ചത്.കാസര്‍കോഡ് എസ്.എഫ്.ഐ ജില്ലാ വനിതാ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ദേശീയ ഗാനം അടിച്ചേല്‍പ്പിക്കാനുള്ളതല്ല.ബാധ്യതയായി മാറേണ്ടതുമല്ല.രാജ്യസ്നേഹത്തിന് ആരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അലന്‍സിയര്‍ പറഞ്ഞു.