മാനഭംഗശ്രമത്തിനിടയിലെ കൊലപാതകമാണ് സൗമ്യയുടേതും ജിഷയുടേതും. ഇരുകേസിലെയും പ്രതികള്‍ ഇതരസംസ്ഥാനക്കാര്‍. ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്താനുളള ശ്രമം ചെറുത്തപ്പോഴാണ് ഗോവിന്ദച്ചാമിയും അമീറുള്‍ ഇസ്ലാമും കൊലപാതകം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഈ മല്‍പിടുത്തത്തിനിടയില്‍ കിട്ടിയ തെളിവുകളാണ് ഇരുരകേസുകളിലും പൊലീസിന്റെ തുരുപ്പൂചീട്ട്. സാമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ ഡി എന്‍ എ സാംപിള്‍ ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ കന്പാര്‍ട്ടുമെന്റില്‍നിന്നും സൗമ്യുടെ ശരീരത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്തിരുന്നു. ജിഷ വധക്കേസില്‍ അമീറിന്റെ ഡി എന്‍ എ സാംപിളുകള്‍ വീട്ടില്‍ നിന്നും ജിഷയുടെ വസ്തരങ്ങളില്‍ നിന്നും കിട്ടി. പ്രതികളുടെ ശരീര കോശങ്ങള്‍ ജിഷയുടെയും സൗമ്യയുടേയും നഖത്തിനടിയില്‍ ഉണ്ടായിരുന്നു. സാഹചര്യത്തെളിവുകളും ഇരുപ്രതികള്‍ക്കും എതിരാണ്. എന്നാല്‍ കൃത്യത്തിന് ദൃക്‌സാക്ഷികളില്ല എന്നതാണ് സൗമ്യ വധക്കേസില്‍ എന്നതുപോലെ ജിഷ വധക്കേസിലും പ്രോസിക്യൂഷനെ വേവലാതിപ്പെടുത്തുന്നത്. സാഹചര്യത്തെളിവുകൊണ്ടുമാത്രം കൊലപാതകക്കുറ്റം തെളിയില്ലെന്ന് ചുരുക്കം. ജിഷ വധക്കേസില്‍ വീടിനുളളില്‍ കണ്ട അജ്ഞനായ വ്യക്തിയുടെ വിരലടയാളം പോലും പ്രോസിക്യൂഷന് തിരിച്ചടിയാകുന്നത് ഈ ഘട്ടത്തിലാണ്.