ജയലളിതയുടെ വേര്‍പാടില്‍ തേങ്ങുകയാണ് തമിഴകം. മുമ്പ് പുരുട്ച്ചി തലൈവര്‍ എംജിആര്‍ വിടവാങ്ങിയപ്പോള്‍ നല്‍കിയതിനു സമാനമായ യാത്രയയ്പ്പാണ് പുരുട്ച്ചി തലൈവിക്കും തമിഴ് മക്കള്‍ നല്‍ക്കുന്നത്. ഇരുവരുടെയും വ്യക്തിത്വങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടെങ്കിലും വേര്‍പാടിന്റെ കാര്യത്തില്‍ സംഭവിച്ച യാദൃശ്ചികമായ ചില സാമ്യതകള്‍ ഓര്‍ക്കുകയാണ്.
തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെയാണ് എംജിആര്‍ അസുഖബാധിതനായി തുടര്‍ച്ചയായി ചികിത്സയ്‍ക്ക് വിധേയനാകുന്നതും മരിക്കുന്നതും. ജയലളിതയും മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് അസുഖ ബാധിതയാകുന്നതും മരിക്കുന്നതും.
ജയലളിതയെ പോലെ ഹൃദയാഘാതം വന്നാണ് എംജിആറിന്റെയും ആരോഗ്യനില കൂടുതല്‍ വഷളാവുന്നത്.
ഡിസംബറില്‍ തന്നെയാണ് ഇരുവരും മരണപ്പെടുന്നതും. 1987 ഡിസംബര്‍ 24നായിരുന്നു എംജിആറിന്റെ മരണം.
തങ്ങളുടെ പ്രിയ ജനനായകന്‍ എംജിആര്‍ മരിച്ചപ്പോള്‍ തമിഴകത്തിന് അത് താങ്ങാനായില്ല. കടകളും സിനിമാ തീയേറ്ററുകളും പൊതു- സ്വകാര്യമുതലുകളൊക്കെ ആക്രമിക്കപ്പെട്ടു. നിലവില്‍ അങ്ങനത്തെ അവസ്ഥയില്ലെങ്കിലും ജയലളിത മരിച്ചെന്ന വ്യാജവാര്‍ത്ത പുറത്തുവന്നപ്പോള്‍ ചിലയിടങ്ങളില്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയ ശേഷമാണ് എംജിആര്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. പിന്നീട് യഥാര്‍ഥ ജീവിതത്തിലും ഹീറോയായി. ദൈവത്തിനു തുല്യമായി തമിഴകം എംജിആറിനെ കണ്ടു. എംജിആറിനു പകരംവയ്‍ക്കാന്‍ ആരുമില്ലെന്നായിരുന്നു തമിഴകത്തിന്റെ ചിന്ത. ജയലളിതയെയും അമ്മയായിട്ടായിരുന്നു തമിഴകം കണ്ടത്. എംജിആര്‍ മരിച്ചപ്പോള്‍ ആ വിയോഗവാര്‍ത്ത താങ്ങാനാവാതെ 30ഓളം പേര്‍ ആത്മഹത്യ ചെയ്‍തു. ജയലളിതയുടെ മരണവാര്‍ത്ത പുറത്തുവന്നപ്പോള്‍ ദു:ഖം താങ്ങാനാവാതെ മൂന്നുപേരാണ് ജീവന്‍ വെടിഞ്ഞത്.
എംജിആര്‍ തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുത്തിട്ടില്ലായിരുന്നു. ജയലളിതയും. എംജിആര്‍ മരിച്ചപ്പോള്‍ എഎൈഡിഎംകെ ജാനകി രാമചന്ദ്രന്റേയും അന്ന് രാജ്യസഭാ എംപിയായിരുന്ന ജെ ജയലളിതയുടെയും നേതൃത്വത്തില്‍ രണ്ടായി വിഭജിക്കപ്പെട്ടു. പിന്നീട് 1988ലാണ് രണ്ടുപാര്‍ട്ടികളും ലയിക്കുന്നത്. പിന്നീട് എംജിആറിന്റെ രാഷ്‍ട്രീയപാരമ്പര്യത്തിന് ജയലളിത അനന്തരാവകാശിയുമായി.
