Asianet News MalayalamAsianet News Malayalam

'മഞ്ജു വാര്യര്‍ വനിതാ മതിലിന് ഒടിവെച്ചു'; അവസരവാദം ദേശീയ അംഗീകാരങ്ങള്‍ക്കെന്ന് സിന്ധു ജോയി

വനിതാ മതിലിന് ആദ്യം പിന്തുണ മഞ്ജു വാര്യര്‍  പിന്നീട് നിലപാട് മാറ്റിയതിന് പിന്നില്‍ ദേശീയതലത്തില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന ആദരവുകളും അംഗീകാരങ്ങളും അതിന്‍റെ ആരവങ്ങളുമാണെന്ന് സിന്ധു ജോയി. ഈ നിലപാട് മാറ്റം അവസരവാദമാണെന്ന് സിന്ധുവിന്‍റെ വിമര്‍ശനം.  

sindhu joy against manju warrier on womens wall
Author
Thiruvananthapuram, First Published Dec 17, 2018, 1:06 PM IST

തിരുവനന്തപുരം: വനിതാ മതിലിനുള്ള പിന്തുണ പിന്‍വലിച്ച നടി മഞ്ജു വാര്യരെ വിമര്‍ശിച്ച് സിന്ധു ജോയി രംഗത്ത്. വനിതാ മതിലിനു മഞ്ജുവാര്യർ 'ഒടി' വയ്ക്കുമ്പോള്‍ എന്ന തലക്കെട്ടില്‍ ഫെയ്‌സ്ബുക്കിലൂടെയാണ് സിന്ധു വിമര്‍ശനം അറിയിച്ചത്.

വനിതാ മതിലിന് ആദ്യം പിന്തുണ മഞ്ജു വാര്യര്‍  പിന്നീട് നിലപാട് മാറ്റിയതിന് പിന്നില്‍ ദേശീയതലത്തില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന ആദരവുകളും അംഗീകാരങ്ങളും അതിന്‍റെ ആരവങ്ങളുമാണെന്ന് സിന്ധു കുറ്റപ്പെടുത്തുന്നു. ഈ നിലപാട് മാറ്റത്തെ വേണമെങ്കില്‍ അവസരവാദമെന്ന് വിളിക്കാമെന്നും സിന്ധു വിമര്‍ശിച്ചു.  

'വിമൻ ഇൻ സിനിമ കളക്ടീവ്' എന്ന സംഘടനയുടെ കാര്യത്തിലും മ‍ഞ്ജു നിലപാടില്ലായ്മ കാണിച്ചെന്നും സിന്ധു വിമര്‍ശനമുന്നയിക്കുന്നു. മഞ്ജുവിനൊരു പ്രതിരോധമതിൽ പണിയാനായിരുന്നു പെൺകൂട്ടായ്‌മ പിറവി എടുത്തതെന്നും അതില്‍ പാര്‍വതി ബലിയാടായി എന്നും സിന്ധു ജോയി ഫേസ്ബുക്കില്‍ കുറിച്ചു.

സിന്ധു ജോയിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം: 

വനിതാമതിലിന് മഞ്ജുവാര്യർ 'ഒടി'വെക്കുമ്പോൾ 

മലയാളിയുടെ 'പെണ്ണത്ത'ത്തിന്‍റെ പ്രതീകമായി കുറേനാളായി വാഴ്‌ത്തപ്പെടുന്നുണ്ട് മഞ്ജു വാര്യർ; പ്രത്യേകിച്ചും അവരുടെ രണ്ടാംവരവിനുശേഷം! 'വിമൻ ഇൻ സിനിമ കളക്ടീവ്' എന്ന പെൺകൂട്ടായ്‌മയുടെ പിറവി തന്നെ പടിയിറങ്ങിപ്പോന്ന മഞ്ജുവിനൊരു പ്രതിരോധമതിൽ പണിയാനായിരുന്നു എന്നതാണ് സത്യം. നടി ആക്രമിക്കപ്പെട്ട സംഭവം അതിനൊരു 'വഴിമരുന്ന്' ആയെന്നുമാത്രം. നാൽപതാം വയസിലും നിലപാടുകളൊന്നുമില്ലാത്ത മഞ്ജു ആ മതിലും പൊളിച്ചു; പുറത്തുവന്ന് ഭള്ളുപറഞ്ഞത് അതിലേറെ കഷ്ടം. മഞ്ജുവിനെ പ്രതിരോധിക്കാനിറങ്ങിയ കഴിവുള്ളൊരു നടി ആ ഉദ്യമത്തിൽ ബലിയാടായി; പാർവതി. മഞ്ജുവിനേക്കാൾ ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന ഒരു പ്രതിഭ. സിനിമയിലെ ആങ്ങളമാരുടെ സംഘടനയുടെ ഒരുകാതം അകലെയാണ് അവൾ ഇപ്പോൾ; അവസരങ്ങളും നന്നേ കുറവ്.

'വനിതാ മതിൽ' ആണ് ഈ പെണ്ണൊരുത്തി ഇപ്പോൾ തള്ളിപ്പറയുന്ന സംഭവം. 

'ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക', അതാണ് മഞ്ജുവിന്‍റെ സ്വഭാവം. മഞ്ജുവിന്‍റെ ഒരു വീഡിയോ യൂട്യൂബിൽ കിടന്ന് കറങ്ങുന്നുണ്ട് : "നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണം. സ്ത്രീ-പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാൻ വനിതാ മതിലിനൊപ്പം." ഇതായിരുന്നു ആഹ്വാനം!

നേരം ഇരുട്ടിവെളുത്തപ്പോൾ ആയമ്മ നിലപാട് മാറ്റി ഫേസ്ബുക്കിൽ കുറിപ്പിറക്കി: "സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാ മതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല....പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്‍റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ."

അസലൊരു രാഷ്ട്രീയം ഈ നിലപാട് മാറ്റത്തിനു പിന്നിലുണ്ട്, ദേശീയ തലത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ആദരവുകൾ, അംഗീകാരങ്ങൾ, അതിന്‍റെ ആരവങ്ങൾ. ഇതിനെ വേണമെങ്കിൽ അവസരവാദമെന്നും വിളിക്കാം.

വനിതാമതിലിനുമുണ്ട് രാഷ്ട്രീയം. അത് വെറും ചെങ്കൊടിയുടെ മാത്രം രാഷ്ട്രീയമാണെന്ന് ഞാൻ കരുതുന്നില്ല. അത് പ്രതിരോധത്തിന്‍റെ രാഷ്ട്രീയമാണ്, നവോത്ഥാനത്തിന്‍റെ രാഷ്ട്രീയമാണ്; ഒപ്പം ഫാഷിസത്തിനെതിരായ പോരാട്ടമാണ്. കേരളത്തിന്‍റെ നവോത്ഥാനമുന്നേറ്റങ്ങളെ 'ഒടി'വെക്കാൻ ശ്രമിക്കരുത്, അത് ആരായാലും...

Follow Us:
Download App:
  • android
  • ios