കൊച്ചി: എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയിക്ക് മിന്ന് കെട്ട്. ലണ്ടനില്‍ ബിസിനസുകാരനായ ശാന്തിമോന്‍ ജേക്കബാണ് സിന്ധുവിന് മിന്ന് ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊഴികെ രാഷ്ട്രീയ മേഖലയിലെ സഹപ്രവര്‍ത്തകര്‍ ആരും ചടങ്ങിനെത്തിയിരുന്നില്ല.

എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലായിരുന്നു അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹച്ചടങ്ങുകള്‍. ക്രിസ്ത്യന്‍ മതാചാരപ്രകാരം ഇന്നലെ വൈകുന്നേരം നാല് മണിയോടെ ആയിരുന്നു ചടങ്ങുകള്‍.

തൂവെള്ള ഗൗണ്‍ അണിഞ്ഞ് സിന്ധു എത്തിയപ്പോള്‍ ഗോര്‍ഡന്‍ കളര്‍ സ്യൂട്ടായിരുന്നു ശാന്തിമോന്റെ വേഷം. താന്‍ വളരെയധികം സന്തോഷവതിയാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയുണ്ടാകണമെന്നും സിന്ധു പറഞ്ഞു.

സുഹൃത്തുക്കള്‍ക്കായി പിന്നീട് വിവാഹ സല്‍ക്കാരവും നടത്തി. പരേതരായ ജോര്‍ജ്ജ് ജോസഫിന്റെയും ലൈല ജോസഫിന്റെയും മകളാണ് സിന്ധു. പരേതനായ പി.സി ചാക്കോയുടേയും മേരിക്കുട്ടി ജോസഫിന്റെയും മകനാണ് ശാന്തിമോന്‍ ജേക്കബ്. എസ്എഫ്‌ഐ യുടെ മുന്നണിപ്പോരാളിയായിരുന്ന സിന്ധു കോണ്‍ഗ്രസിലേക്ക് മാറിയെങ്കിലും പിന്നീട് സജീവ രാഷ്ട്രീയം വിടുകയായിരുന്നു.