നിപാ ഭീതിയിൽ കരാറുകാർ മാറി നിന്നപ്പോൾ വൈത്തിരി സ്വദേശി സിറാജും സംഘവുമാണ് ഐസൊലേഷൻ വാർഡുകൾ നിർമ്മിക്കാൻ ധൈര്യപൂർവ്വം മുന്നോട്ട് വന്നത്. 

കോഴിക്കോട്: നിപാ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രവേശിപ്പിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർ‍ഡുകൾ നിർമ്മിച്ചത് ഒരു കൂട്ടം സന്നദ്ധ പ്രവർത്തകരാണ്. നിപാ ഭീതിയിൽ കരാറുകാർ മാറി നിന്നപ്പോൾ വൈത്തിരി സ്വദേശി സിറാജും സംഘവുമാണ് ഐസൊലേഷൻ വാർഡുകൾ നിർമ്മിക്കാൻ ധൈര്യപൂർവ്വം മുന്നോട്ട് വന്നത്. 

കോഴിക്കോട് നിപാ ബാധ സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കാൻ കേന്ദ്രസംഘം നിർദ്ദേശം നൽകി.എന്നാൽ നിപാ പേടി കാരണം പൊതുമരാമത്ത് വകുപ്പിലെ കരാറുകാർ നിർമ്മാണചുമതല ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറി. ഈ ഘട്ടത്തിലാണ് സിറാജും സുഹൃത്തുക്കളും ഐസൊലേഷൻ വാർഡ് നിർമ്മിക്കാനായി സ്വയം സന്നദ്ധരായി മുന്നോട്ട് വന്നത്.

ജീവനക്കാരടക്കം ജീവൻ വച്ച് പണിയെടുക്കരുതെന്ന് ഉപദേശിച്ചിട്ടും ധൈര്യപൂർവ്വം ചുമതല ഏറ്റെടുത്ത് സിറാജും സംഘവും ദൗത്യം നിറവേറ്റുകയായിരുന്നു. നിർമ്മാണപ്രവർത്തനങ്ങൾക്കിടയിൽ തന്നെ ഇതേ കെട്ടിട്ടത്തിലേക്ക് ഒരു രോ​ഗിയെത്തിയെങ്കിലും അതിലൊന്നും പേടിക്കാതെയാണ് സിറാജും സംഘവും വാർഡിന്റെ പണി പൂർത്തിയാക്കിയത്. 

അൻപതോളം മുറികളിൽ വെന്റിലേറ്റർ സൗകര്യം,ഓക്സിജൻ സിലണ്ടറുകൾ,സുരക്ഷിതമായ ജനലുകളും വാതിലുകളും,എയർകണ്ടീഷനിങ് സംവിധാനം, അങ്ങനെ ആറംഗ സംഘം രാവും പകലും അധ്വാനിച്ചാണ് മൂന്ന് ദിവസം കൊണ്ട് പണി പൂർത്തിയാക്കിയത്.ഫൈറ്റ് ഫോർ ലൈഫ് എന്ന സംഘടനയുടെ പ്രവർത്തകരാണ് ഇവർ.