Asianet News MalayalamAsianet News Malayalam

ബംഗാളിൽ കോൺഗ്രസുമായി സഹകരണത്തിന് ഇതുവരെ സിപിഎം തീരുമാനിച്ചിട്ടില്ലെന്ന് യെച്ചൂരി

തെരഞ്ഞെടുപ്പിന് മുമ്പ് പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിനോട് യോജിപ്പില്ലെന്ന് സീതാറാം യെച്ചൂരി. പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയില്‍ ചേരണോ എന്ന് തീരുമാനിക്കുന്നത് അവരുടെ അജണ്ട അറിഞ്ഞ ശേഷം മാത്രമായിരിക്കും

Sitaram Yechury says CPM not decided to co operate with congress in West Bengal yet
Author
Thiruvananthapuram, First Published Feb 25, 2019, 7:52 PM IST

തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കാൻ സിപിഎം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ മാസം 28ന് ബംഗാൾ സംസ്ഥാന സമിതിയും മൂന്ന്, നാല് തീയതികളില്‍ കേന്ദ്രകമ്മിറ്റിയും ഈ വിഷയം ചര്‍ച്ച ചെയ്യും. അതിനുശേഷമേ ബംഗാളിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെപ്പറ്റി തീരുമാനം ഉണ്ടാകൂവെന്നും സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിനോട് യോജിപ്പില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയില്‍ ചേരണോ എന്ന് തീരുമാനിക്കുന്നത് അവരുടെ അജണ്ട അറിഞ്ഞ ശേഷം മാത്രമായിരിക്കും. പ്രതിപക്ഷ പാർട്ടികൾ ദില്ലിയിൽ വിളിച്ചുചേർക്കുന്ന യോഗത്തിന്‍റെ അജണ്ട നാളെയേ അറിയാനാകൂ. രാജ്യത്തെയും സാധാരണ ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളാണ് അവർ അഭിസംബോധന ചെയ്യുന്നതെങ്കിൽ സഹകരിക്കുന്ന കാര്യം ആലോചിക്കും. എന്നാൽ പൊതുമിനിമം പരിപാടി തീരുമാനിക്കലാണ് പ്രതിപക്ഷ കൂട്ടായ്മയുടെ അജണ്ടയെങ്കിൽ അത് തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യേണ്ട വിഷയമാണെന്നാണ് സിപിഎമ്മിന്‍റെ നിലപാട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് സിപിഎമ്മിന്‍റെ കേന്ദ്രകമ്മിറ്റി മുന്നോട്ടുവയ്ക്കുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെയും സഖ്യകക്ഷികളെയും തോൽപ്പിക്കുക എന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് ഇടതുപക്ഷത്തിന്‍റെ ശക്തി വർദ്ധിപ്പിക്കുകയും ലോക്സഭയിൽ സിപിഎമ്മിന്‍റെ അംഗസംഖ്യ ഉയർത്തുകയും ചെയ്യുക. കേന്ദ്രത്തിൽ മതേതര ബദൽ സർക്കാർ രൂപീകരിക്കുക എന്നതാണ് മൂന്നാമത്തെ ലക്ഷ്യം. ഓരോ സംസ്ഥാനങ്ങളുടെയും സാഹചര്യമനുസരിച്ച് അതിനുള്ള തന്ത്രങ്ങളിൽ മാറ്റമുണ്ടാകുമെന്നും സിപിഎം ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞു.

കേരളത്തിലെ സീറ്റ് നിർണ്ണയം സംബന്ധിച്ച് കൂടുതൽ അഭിപ്രായ പ്രകടനങ്ങൾക്ക് സീതാറാം യെച്ചൂരി തയ്യാറായില്ല. സ്ഥാനാർത്ഥി നിർണ്ണയത്തിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളിലെല്ലാം തീരുമാനമെടുക്കാൻ സംസ്ഥാന കമ്മിറ്റിക്ക് ശേഷിയുണ്ട് എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. പാർട്ടി സംസ്ഥാന ഘടകവും എൽഡിഎഫും ആലോചിച്ച് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. അതിന് ശേഷം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തിനായി സ്ഥാനാർത്ഥിപ്പട്ടിക അയക്കും, അപ്പോൾ നോക്കാം. സീതാറാം യെച്ചൂരി പറഞ്ഞു.

Follow Us:
Download App:
  • android
  • ios