തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിന് ബിനാമി സ്വത്തുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ശാന്തിവിള രാജേന്ദ്രന്‍ എന്ന ആളിന്റെ പേരില്‍ ശിവകുമാര്‍ സ്വത്തുകള്‍ വാങ്ങിയെന്നാണ് പരാതി. വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടക്കുന്നത്.

കോണ്‍ഗ്രസ് കല്ലിയൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന ശാന്തിവിള രാജേന്ദ്രന് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കോടികളുടെ സമ്പാദ്യമുണ്ടായെന്നാണ വിജിലന്‍സ് ഡയറക്ടറുടെ പരാതി. കൂലിപ്പണിക്കാരനായിരുന്ന രാജേന്ദ്രന്‍ ഒരു കാര്‍ഷിക സഹകരണ സംഘം തുടങ്ങി കടബാധ്യതയില്‍ പൂട്ടിയിരുന്നു. പിന്നീട് രണ്ട് ബ്രാഞ്ചുകള്‍ തുടങ്ങി അതുംപൂട്ടി. കടബാധ്യതയില്‍ കഴിഞ്ഞിരുനന് ഒരാള്‍ക്ക് ഇപ്പോള്‍ തലസ്ഥാനത്തു തന്നെ നിരവധി സ്ഥലങ്ങള്‍ ഭൂസ്വത്തുണ്ട്.

വാന്‍റോസ് ജംഗ്ഷനില്‍ ബഹുനില മന്ദിരം പണിതത് രണ്ടു വര്‍ഷത്തിനുള്ളിലാണെന്ന് പരാതിയില്‍ പറയുന്നു.ശിവകുമാറിനോടൊപ്പം വിദേശത്തേക്ക് നിരവധി പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്. രാജേന്ദ്രന്റെ മക്കള്‍ ഉയര്‍ന്ന തുക കൊടുത്ത് പഠനം നടത്തുന്നുണ്ട്. ഈ പണത്തിന്റെ സ്രോതസ് മുന്‍ മന്ത്രി ശവികുമാറെന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. വള്ളക്കടവ് സ്വദേശിയുടെ മേല്‍വിലാസത്തിലാണ് പരാതിയെത്തിയത്.

എന്നാല്‍​ അന്വേഷണത്തില്‍ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി. ഡയറക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാജേന്ദ്രന്റെ സ്വത്തുവിവരം വിജിലന്‍സ് ശേഖരിച്ചുവരുകയാണ്. ആദായനികുതി വകുപ്പില്‍ നല്‍കിയിട്ടുള്ള സ്വത്തുവിവരങ്ങളും നിലവിലെ രേഖകളും പരിശോധിച്ചുവരുകയാണ്. രാജേന്ദ്രന്റെ സ്വത്ത് പിന്നില്‍ മന്ത്രിക്കു ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ വിശദമായ അന്വേഷണത്തിന് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.