മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയുമായുള്ള  സഖ്യസാധ്യത തള്ളാതെ ശിവസേന. മഹാരാഷ്ട്രയിൽ ശിവസേന 'വല്യേട്ടനായി' തുടരുമെന്ന് ശിവസേന എം പി സഞ്ജയ് റൗത് പറഞ്ഞു.  സഖ്യം സംബന്ധിച്ച് ബിജെപി ആദ്യം നിലപാട് അറിയിക്കട്ടെയെന്നും   ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത എം പിമാരുടെ യോഗത്തിന് ശേഷം സഞ്ജയ് റൗത്ത് പ്രതികരിച്ചു. 

അതെസമയം യോഗത്തിൽ   ബിജെപിയുമായി സഖ്യം വേണമെന്ന് മറാത്താവാഡ ,പശ്ചിമ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള  ശിവസേന എം പിമാർ  നിലപാട് എടുത്തു. ഒറ്റയ്ക്ക് മത്സരിച്ചാൽ പല മേഖലകളിലും പാർട്ടിക്ക് തിരിച്ചടി നേരിടുമെന്നും എംപിമാർ ഉദ്ധവിനെ അറിയിച്ചു. ബിജെപിയിൽ നിന്ന് പകുതി സീറ്റുകളുടെ കാര്യത്തിൽ അനുകൂല നിലപാടാണ് ശിവസേന പ്രതീക്ഷിക്കുന്നത്. ഈക്കാര്യത്തിൽ ഇരുപാർട്ടികളുടെയും ഉന്നതനേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

നേരത്തെ ബാൽതാക്കറെയുടെ സ്മാരകത്തിനായി വിട്ടുകൊടുത്ത ഭൂമികൈമാറ്റചടങ്ങിൽ, മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസും സേനാഅധ്യക്ഷന്‍ ഉദ്ധവ് താക്കറെയും വേദി പങ്കിട്ടിരുന്നു. ശിവസേനസ്ഥാപകൻ ബാൽതാക്കറെയുടെ സ്മരകത്തിനായി ദാദറില്‍ കോർപറേഷൻ വിട്ടുകൊടുത്ത ഭൂമികൈമാറ്റചടങ്ങിലാണ് ഉദ്ധവ് താക്കറെയും,  ദേവേന്ദ്രഫഡ്നാവിസും ഒന്നിച്ചെത്തിയത്.  ശിവസേന ബിജെപി പോര്  അവസാനിക്കുന്നതിന്റെ ലക്ഷണമായാണ് ഈ വേദി പങ്കിടല്‍ വിലയിരുത്തിയത്. ഇതിന് പിന്നാലെയാണ് ബിജെപിയുമായി സഖ്യം വേണമെന്ന് എംപിമാര്‍ ആവശ്യപ്പെടുന്നത്.