കാരയ്‌ക്കാട്ട് കുന്നിലെ കടകളില്‍ കഴിഞ്ഞ കുറേ നാളുകളായി മോഷണം പതിവായിരുന്നു. സിഗരറ്റും റീചാര്‍ജ് കൂപ്പണും സ്‌പ്രേകളും ഒക്കെയാണ് അപഹരിക്കുന്നത്. മേശവലിപ്പിലെ പണമൊക്കെ സുരക്ഷിതം. പണത്തിന് പകരം സിഗരറ്റും റീചാര്‍ജ് കൂപ്പണും മോഷ്‌ടിക്കുന്ന കള്ളന്‍മാരെ പിടികൂടാന്‍ തന്നെ വ്യാപാരികള്‍ തീരുമാനിച്ചു. പോലീസ് രാത്രി നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ രാത്രി റീ ചാര്‍ജ് കൂപ്പണുകളുമായി ഒരു ബാലനെ കണ്ടെത്തി. ചോദ്യം ചെയ്യപ്പോഴാണ് കുട്ടിക്കള്ളന്‍മാരുടെ സംഘത്തിന്റെ പ്രവര്‍ത്തനം മനസിലായത്. തുടര്‍ന്ന് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സമീപത്തെ സ്കൂളില്‍ ആറ്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്നവരാണ് കുട്ടികള്‍. ഒന്നിച്ചിരുന്ന് പഠിക്കാനെന്ന പേരില്‍ രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിയാണ് മോഷണം. കൂട്ടുകാരെ ഫോണ്‍വിളിക്കാന്‍ പണമില്ലാത്തതിനാലാണ് റീചാര്‍ജ് കൂപ്പണ്‍ മോഷ്‌ടിക്കുന്നതെന്നാണ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ കവര്‍ച്ച ചെയ്ത സാധനങ്ങളില്‍ ചിലത് കണ്ടെടുത്തിട്ടുണ്ട്. പതിവായി രാത്രിയില്‍ കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയിട്ടും കാര്യമാക്കാതിരുന്ന മാതാപിതാക്കളെ പോലീസ് താക്കീത് ചെയ്തിട്ടുണ്ട്.