നവിമുംബൈ: ആറുവയസുകാരിയായ പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്തു. നവി മുംബൈയില്‍ മകനും ഭാര്യക്കുമൊപ്പം ഫ്ലാറ്റില്‍ താമസിച്ചിരുന്ന ഫാസ്റ്റ് ഫുഡ് കടയിലെ ജീവനക്കാരനാണ് തൊട്ടുമുകളിലെ നിലയിലുള്ള വീട്ടിലെ ആറ് വയസുകാരിയെ പീഡിപ്പിച്ചത്.

ജനുവരി 22ന് ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. രണ്ട് വയസുള്ള മകനൊപ്പം കളിക്കാന്‍ മുകളിലെ വീട്ടില്‍ നിന്നും ആറ് വയസുകാരി എപ്പോഴും പ്രതിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഭാര്യ അടുക്കളയില്‍ തിരക്കിലായിരുന്ന സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ കിടപ്പുമുറയിലേക്ക് വിളിച്ചുകൊണ്ടുപോയി ഉപദ്രവിച്ചു. ആരോടും പറയരുതെന്ന് ഉപദേശിച്ച് കുഞ്ഞിന് ഒരു കളിപ്പാട്ടവും ചോക്ലേറ്റും നല്‍കിയ ശേഷം വീട്ടില്‍ കൊണ്ടുപോയി വിട്ടു. സ്വകാര്യ ഭാഗങ്ങളില്‍ വേദന അനുഭവപ്പെടുന്നുവെന്ന് കുട്ടി പറഞ്ഞതോടെ സഹോദരി പരിശോധിച്ചപ്പോള്‍ രക്തമൊലിക്കുന്നത് കണ്ടതോടെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് സഹോദരി വിശദമായി ചോദിച്ചപ്പോള്‍ കുട്ടി എല്ലാം തുറന്നു പറഞ്ഞു. കുട്ടിയേയും കൂട്ടി താഴെയുള്ള വീട്ടില്‍ ചെന്നപ്പോള്‍ ഉപദ്രവിച്ചവിച്ചയാളെ കുട്ടി ചൂണ്ടിക്കാണിച്ച് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.