രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് ഒറ്റരാത്രി കൊണ്ട് പതിനായിരത്തോളം പേരാണ് പ്രിയങ്കയെ കൂടുതലായി ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരാന്‍ എത്തിയത്. ഗൂഗുളില്‍ പ്രിയങ്കയുടെ വിശേഷങ്ങള്‍ക്കായും ഒരുപാട് പേര്‍ പരതി
ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെ നാളായി കാത്തിരുന്ന പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത പുറത്ത് വന്നതോടെ ഗൂഗിളില്‍ പ്രിയങ്കയുടെ വാര്‍ത്തകള്‍ക്കായി തെരയുന്നവരുടെ എണ്ണത്തില്‍ വര്‍ധന. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം രണ്ട് ദിവസമായി ഒരു 'പ്രിയങ്ക ഇഫക്ട്' ആണ് ഉണ്ടായിരിക്കുന്നത്.
പ്രിയങ്കയ്ക്കായി സാമൂഹ്യ മാധ്യമങ്ങളില്‍ ഔദ്യോഗികമായി അക്കൗണ്ട് ഉള്ളത് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് ഒറ്റരാത്രി കൊണ്ട് പതിനായിരത്തോളം പേരാണ് പ്രിയങ്കയെ കൂടുതലായി ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരാന്‍ എത്തിയത്. ഗൂഗുളില്‍ പ്രിയങ്കയുടെ വിശേഷങ്ങള്‍ക്കായും ഒരുപാട് പേര്‍ പരതി.
കോണ്‍ഗ്രസ് യുവ നേതാവിന്‍റെ വേഷവിധാനത്തെയും മറ്റും അന്വേഷിച്ച് ഗൂഗിളില്‍ എത്തിയവരാണ് കൂടുതലും. ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രിയങ്കയ്ക്ക് വിളിപ്പേരുകളും വന്നു കഴിഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിര, ഇന്ത്യന്‍ ഉരുക്കുവനിതയുടെ പകര്‍പ്പ്, രണ്ടാം ഇന്ദിര എന്നിങ്ങനെ വിശേഷണങ്ങള്‍ പോകുന്നു.
പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കേ പ്രിയങ്കാഗാന്ധിയെ കളത്തിലിറക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ മിന്നലാക്രമണം വലിയ ചര്‍ച്ചയായിട്ടുണ്ട്. എതിര്‍ രാഷ്ട്രീയക്കാര്‍ വരെ പ്രിയങ്കയുടെ വരവിനെ സ്വാഗതം ചെയ്യുന്നു. രാഹുലിന്‍റെ നേതൃത്വത്തില്‍ പുതിയ മുന്നേറ്റം നടത്തുന്ന കോണ്‍ഗ്രസിന് പ്രിയങ്കയുടെ വരവ് കൂടുതല്‍ കരുത്തുപകരുമെന്നാണ് സോഷ്യല്‍ മീഡിയ വര്‍ത്തമാനം.
എഐസിസി പുനഃസംഘടനയിൽ രാഹുൽ, സഹോദരി പ്രിയങ്കയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വാധീനകേന്ദ്രമായ ഗോരഖ്പുരും ഉൾപ്പെടുന്ന മേഖലയാണിത്.
ഭാരിച്ച ഉത്തരവാദിത്തമാണ് പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്നത്. ബിജെപിയുടെ കോട്ടയായ ഉത്തര്‍പ്രദേശിലെ മുന്നേറ്റം കോണ്‍ഗ്രസിന്‍റെ അധികാരത്തിലേക്കുള്ള പ്രയാണത്തില്‍ സുപ്രധാന വെല്ലുവിളിയാണ്. എന്നാല്‍, പ്രിയങ്കയക്ക് വലിയ മാറ്റം യുപി തെരഞ്ഞെടുപ്പിലുണ്ടാക്കാനാവുമെന്നാണ് സോഷ്യല്‍ മീഡയയിലെ ഭൂരിപക്ഷം പറയുന്നത്. പ്രിയങ്കയുടെ വരവോടെ 2019ല്‍ കോണ്‍ഗ്രസ് തിരിച്ചുരുമെന്ന പ്രതീക്ഷയിലാണ് അണികള്‍.
