ബാറ്ററി എട്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ സഞ്ചരിക്കാം. ബാറ്ററിയില്‍ ഓടുന്ന റിക്ഷയ്ക്ക് മുകളില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ചാണ് സോളാര്‍ റിക്ഷയാക്കി മാറ്റുന്നത്. ഒരു കിലോ മീറ്റര്‍ ഓടുന്നതിന് ചെലവ് 25 പൈസ മാത്രമാണ്. അഞ്ച് മാസം മുമ്പ് കേരളത്തില്‍ സോളാര്‍ റിക്ഷയെ അവതരിപ്പിച്ചെങ്കിലും സര്‍ക്കാര്‍ അനുമതി ലഭിക്കാതിരുന്നതാണ് നിരത്തില്‍ എത്തുന്നത് വൈകിച്ചത്.
ആവശ്യമായ പരിശോധനകള്‍ക്കൊടുക്കം മോട്ടോര്‍ വാഹന വകുപ്പ് റിക്ഷയുടെ വില്‍പ്പനയ്ക്ക് അനുമതി നല്‍കി. അന്തിമ അനുമതി ലഭിച്ചാല്‍ രണ്ടാഴ്ചക്കകം സോളാര്‍ റിക്ഷ നമ്പര്‍ പ്ലേറ്റുമായി നിരത്തുകള്‍ കീഴടക്കും. ദില്ലിയിലും യുപിയിലുമെല്ലാം പ്രചാരത്തിലിരിക്കുന്ന ബാറ്ററി റിക്ഷയെ ലൈഫ് വേ സോളാര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കേരളത്തില്‍ പരിചയപ്പെടുത്തുന്നത്.
ബാറ്ററി റിക്ഷയ്ക്ക് വില ഒന്നര ലക്ഷം രൂപ. സോളാര്‍ പാനല്‍ ഘടിപ്പിക്കാന്‍ 15,000 രൂപ കൂടി നല്‍കണം. തര്‍ക്കങ്ങള്‍ ഒഴിവാക്കാനായി ഇനി വേണ്ടത് സര്‍ക്കാര്‍ റിക്ഷയുടെ യാത്ര നിരക്ക് ക്രമീകരിക്കുകയാണ്. ഒരു കിലോമീറ്ററിനല്ല, ഒരു യാത്രയ്ക്ക് പത്ത് രൂപ നിര്‍ദ്ദേശമാണ് നിര്‍മാതാക്കള്‍ മുന്നോട്ട് വയ്ക്കുന്നത്. നിരക്കില്‍ കൂടി തീരുമാനം വന്നാല്‍ കൊച്ചിയുടെ നിരത്ത് സോളാര്‍ റിക്ഷകള്‍ ഉടന്‍ കീഴടക്കും.
