ചെങ്ങന്നൂരിലെ പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തില്‍. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ സംഘത്തിന്റെ ഭാഗമായ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് അന്തിമഘട്ട രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതും കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നതും സംബന്ധിച്ച് സൈന്യം പരിശോധന നടത്തുകയാണ്.
പാണ്ടനാട്: ചെങ്ങന്നൂരിലെ പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തില്‍. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ സംഘത്തിന്റെ ഭാഗമായ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് അന്തിമഘട്ട രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതും കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നതും സംബന്ധിച്ച് സൈന്യം പരിശോധന നടത്തുകയാണ്.
പ്രളയത്തില്‍ പൂര്‍ണമായി ഒറ്റപ്പെട്ട പാണ്ടനാട്ടെ നാലു വാര്‍ഡുകളിലും സൈന്യം പരിശോധന നടത്തും. ആലപ്പുഴ എസ്പി എസ് സുരേന്ദ്രനാണ് സംഘത്തിന്റെ മേല്‍ നോട്ടം. എയര്‍ ഫോഴ്സിന്‍റെ ഗരുഡ് കമാന്‍റോസ് ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ രംഗത്തുണ്ട്. പാണ്ടനാട് പഞ്ചായത്തിലെ പമ്പാനദിക്ക് അക്കരെയുള്ളതാണ് ഈ വാര്‍ഡുകള്‍. കുത്തൊഴുക്ക് മൂലം പമ്പയാറ് മുറിച്ച് കടക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നില്ല.
സംസ്ഥാനത്ത് രക്ഷാ പ്രവര്‍ത്തനത്തിന്‍റെ ആദ്യ ഘട്ടം പൂര്‍ത്തിയായപ്പോഴും ചെങ്ങന്നൂരില്‍ സ്ഥിതി മറിച്ചായിരുന്നു. പുറത്ത് കടക്കാനാവാതെ നിരവധി പേരാണ് വീടുകളില്‍ കുടുങ്ങിക്കിടന്നത്. പാണ്ടനാട്ടെ പ്രയാര്‍, കുത്തിയതോട്, മുറിയായിക്കര, ഉമയാറ്റുകര എന്നിവടങ്ങളില്‍ പാണ്ടനാട്ട് നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിരുന്നില്ല. ഒഴുക്കുള്ള പമ്പാനദി മുറിച്ച് കടക്കാനാവാത്തതാണ് പ്രതിസന്ധിക്ക് കാരണം.
പ്രധാന റോഡുകരികില്‍ നിന്ന് മാറിത്താമസിക്കുന്ന നിരവധി പേരെ ഇപ്പോഴും പുറത്തെത്തിക്കാനുണ്ട്. പുറത്തേക്ക് വരാന്‍ തയ്യാറാവാതെ വീടിന്‍റെ മേല്‍ നിലയില്‍ താമസമുറപ്പിച്ചവരെ നിര്‍ബന്ധിച്ച് രക്ഷാപ്രവര്‍ത്തകര്‍ പുറത്തേക്ക് കൊണ്ടുവരികയാണിപ്പോഴും. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ സൈന്യത്തിന്‍റെ കൂടി സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ് ജില്ലാ ഭരണകൂടവും സന്നദ്ധ പ്രവര്‍ത്തകരും.
