ലുധിയാന: പഞ്ചാബിനെ നടുക്കിയ കോടീശ്വര കുടുംബത്തിലെ കൊലപാതകത്തില്‍ അന്വേഷണം കുടുംബനാഥനിലേക്ക്. ഓഫീസിലെ അക്കൗണ്ടന്‍റുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധം തുടരാനാണ് കുടുംബനാഥന്‍ സ്വന്തം അമ്മയെയും ഭാര്യയെയും കുടുംബ സുഹൃത്തിനെയും ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയത്. 

ലുധിയാനയിലെ പ്രശസ്തമായ വ്യവസായ കുടുംബത്തിലാണ് കൊല നടന്നത്. പ‌ഞ്ചാബിലെ കോടീശ്വരനായ വ്യവസായി ജഗ്ജിത് സിംഗ് ലാമ്പയുടെ ഭാര്യ ദല്‍ജിത് കൗര്‍, മകന്റെ ഭാര്യ പരംജിത് കൗര്‍, കുടുംബ സുഹൃത്ത് ഖുശ്വിവിന്ദര്‍ എന്നിവരാണ് മരിച്ചത്. ദല്‍ജിത്തിന്‌റെ മകന്‍ അമരിന്ദര്‍ സിംഗിന് ഓഫീസിലെ ജീവനക്കാരിയുമായി ഉണ്ടായ അവിഹിത ബന്ധമാണ് കൊലയ്ക്ക് കാരണം. കൊലപാതകി കൃത്യം നടത്തുമ്പോള്‍ വീട്ടില്‍ സന്ദര്‍ശകനായ കുടുംബ സുഹൃത്ത് ഖുശ്വിവിന്ദറും കൊല്ലപ്പെടുകയായിരുന്നു.

ഭാര്യയുടേയും അമ്മയുടേയും മരണശേഷം അമരീന്ദറിന്റെ സ്വഭാവത്തില്‍ വന്ന മാറ്റത്തെ തുടര്‍ന്നാണ് പോലീസ് ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. അന്വേഷണത്തില്‍ നിന്ന് ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. 8 ലക്ഷം രൂപയ്ക്കാണ് അമരീന്ദര്‍ വാടക കൊലയാളികളെ ഏല്‍പ്പിച്ചത്. തെളിവുകള്‍ നശിപ്പിയ്ക്കാനായി വീട്ടിലെ സിസിടിവി ക്യാമറകളും നശിപ്പിച്ചിരുന്നു.

അമരീന്ദര്‍ പറഞ്ഞത് അനുസരിച്ച് സിസിടിവി ക്യാമറകള്‍ നന്നാക്കാന്‍ എത്തിയ ആളെന്ന നിലയിലാണ് കൊലപാതകി വീടിന് അകത്ത് കയറിയത്. ഹാളില്‍ ഇരിയ്ക്കുകയായിരുന്ന അമ്മയേയും, ഭാര്യയേയും സുഹൃത്തിനേയും കൊല്ലുകയായിരുന്നു.