28 വയസിന് മുൻപ് എല്ലാ പുരുഷന്മാരും രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത സൈനിക സേവനം ചെയ്യണമെന്ന നിയമമുണ്ട് ദക്ഷിണ കൊറിയയിൽ

മോസ്കോ; ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും ദക്ഷിണകൊറിയുടെ സോം ഹ്യൂങ് മിന്നിന് ഇന്നലത്തെ വിജയം ചെറിയ ആശ്വാസമല്ല നൽകുന്നത്. ദക്ഷിണ കൊറിയയിലെ നിര്‍ബന്ധിത സൈനിക സേവനത്തിൽ നിന്ന് ഇളവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് സോം ഹ്യൂങ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആദ്യരണ്ട് മത്സരങ്ങളിൽ, സ്വീഡനോടും മെക്സിക്കോയോടും പരാജയപ്പെട്ട് മൈതാനത്ത് നിന്ന് മടങ്ങുമ്പോൾ ദക്ഷിണകൊറിയയുടെ സൂപ്പര്‍താരം സോം ഹ്യൂങ് മിന്നിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി. മനസ് കലുഷിതമായി. റഷ്യയിലേക്ക് പുറപ്പെടും മുൻപ് ദക്ഷിണകൊറിയൻ ഭരണാധികാരികൾ സോം ഹ്യൂങ്ങിനോട് ഒരു കാര്യം പറഞ്ഞിരുന്നു.

ഒന്നുകിൽ നന്നായി കളിക്കുക.അല്ലെങ്കിൽ രാജ്യത്തെ നിയമം അനുസരിച്ചുള്ള നിര്‍ബന്ധിത സൈനിക സേവനത്തിന് തയ്യാറാവുക. 28 വയസിന് മുൻപ് എല്ലാ പുരുഷന്മാരും രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത സൈനിക സേവനം ചെയ്യണമെന്ന നിയമമുണ്ട് ദക്ഷിണ കൊറിയയിൽ.

ചെറുപ്പത്തിലേ ക്ലബ്ബ് ഫുട്ബോളിലേക്ക് ചേക്കേറിയ സോം ഇതുവരെ സൈനിക സേവനത്തിനായി എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ലോകകപ്പിലെ മങ്ങിയ പ്രകടനത്തിന് ശേഷം സൈനിക സേവനത്തിനായി എത്തണമെന്ന ആശങ്കയിലായിരുന്നു സോം.

എന്നാൽ ജര്‍മ്മനിക്കൊപ്പം സ്വന്തം വിധി കൂടി തീരുമാനിക്കുന്ന ഗോളും സ്വന്തമാക്കിയാണ് സോം കളിയവസാനിപ്പിച്ചത്. ജര്‍മ്മനിയുടെ പതനത്തിന് ആക്കം കൂട്ടിയ ഈ ഗോൾ നിര്‍ബന്ധിത സൈനിക സേവനത്തിൽ നിന്ന് സോംങ്ങിന് ഇളവ് നേടിക്കൊടുക്കുമെന്ന വിശ്വാസത്തിലാണ് അദ്ദേഹവും ആരാധകരും. സോംങ്ങിന്‍റെ ലോകകപ്പ് പ്രകടനത്തിൽ ഭരണകൂടത്തിന് തൃപ്തിയായിട്ടില്ലെങ്കിൽ ഓഗസ്റ്റിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പ്രകടനം മെച്ചപ്പെടുത്താൻ അവസരമുണ്ട്.