അനന്തപുരി‍: പ്രായമായ അമ്മയെ മുറിയില്‍ പൂട്ടിയിട്ട് മകന്‍ വിനോദയാത്രയ്ക്ക് പോയി. ഒഡീസയിലെ അനന്തപുരിലാണ് സംഭവം. തൊണ്ണൂറ്റിയാറ് വയസുള്ള അമ്മയെ മുറിയില്‍ പൂട്ടിയിട്ട് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കാണ് മകന്‍ വിനോദയാത്രയ്ക്കായി പോയത്. സബിത നാദ് എന്ന വയോധികയ്ക്കാണ് മകന്‍ വികാസില്‍ നിന്ന് ദുരനുഭവം നേരിട്ടത്. സബിത ഉറങ്ങുമ്പോളാണ് മകന്‍ വീട് പൂട്ടി പോയത്. തുടര്‍ന്ന് ഇയാള്‍ താക്കോല്‍ വീട്ടുജോലിക്കാരിയുടെ കയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നു.

അഞ്ച് മക്കളുള്ള സബിതാ നാദിന്‍റെ ഒരു മകള്‍ ജയശ്രീ അമ്മയെ കാണാന്‍ വീട്ടിലെത്തിയതോടെ ആണ് സംഭവം പുറത്ത് അറിയുന്നത്. വീട് പൂട്ടി കിടക്കുന്നത് കണ്ടെങ്കിലും കുളിമുറിയില്‍ നിന്ന് ശബ്ദം കേട്ടതോടെ ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്‍റെയും നാട്ടുകാരുടെയും സഹായത്തോടെ അമ്മയെ രക്ഷിച്ചു. നാലു ദിവസം മുറിയില്‍ ഒറ്റയ്ക്ക് കഴിയേണ്ടിവന്നതിന്‍റെ പേടി വിട്ടു മാറിയിട്ടില്ല സബിതയ്ക്ക് . മകന്‍ പോയതില്‍ പിന്നെ ഒരു നേരം മാത്രം വീട്ടുവേലക്കാരി ഭക്ഷണം കൊടുത്തെന്നും പിന്നീട് ഭക്ഷണം തരാനായി ആരും വന്നില്ലെന്നും ഇവര്‍ പറയുന്നു.