ദില്ലി: കോണ്‍ഗ്രസില്‍ ഏറ്റവും അധികം കാലം അദ്ധ്യക്ഷ സ്ഥാനത്ത് ഇരുന്ന ചരിത്രവുമായാണ് മകന്‍ രാഹുല്‍ ഗാന്ധിക്കായി എഴുപത്തിയൊന്നാം വയസ്സില്‍ സോണിയാ ഗാന്ധി വഴിമാറുന്നത്. വിരമിക്കാനുള്ള സമയമായെന്നാണ് ഇന്നലെ സോണിയാ ഗാന്ധി പറഞ്ഞത്. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം നേതാവില്ലാതെ അനിശ്ചിതത്വത്തില്‍ ആടിയുലഞ്ഞ കോണ്‍ഗ്രസിനെ 1998ല്‍ സോണിയ ഏറ്റെടുക്കുകയായിരുന്നു.
കോണ്‍ഗ്രസിലെ കലഹങ്ങള്‍ക്കിടയില്‍ അധികാരവും നഷ്‌ടമായി. പിന്നീട് 2004ല്‍ അധികാരത്തില്‍ എത്തുമ്പോള്‍ സോണിയാഗാന്ധി ദേശീയ രാഷ്‌ട്രീയത്തിലെ തന്നെ കരുത്തുറ്റ വനിതയായി. 2004ല്‍ പ്രധാനമന്ത്രി പദം മന്‍മോഹന്‍സിംഗ് നല്‍കിയപ്പോള്‍ വലിയ നാടകീയ രംഗങ്ങള്‍ക്ക് അന്ന് കോണ്‍ഗ്രസ് ആസ്ഥാനം സാക്ഷിയായത് ചരിത്രമാണ്. വിദേശ പൗരത്വത്തെ ചൊല്ലിയുള്ള വിവാദങ്ങളൊക്കെ മറികടന്ന് സോണിയ കോണ്‍ഗ്രസിനെ നയിച്ചു.
2004 മുതല്‍ 2014വരെ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിര്‍ത്തുന്നതില്‍ സോണിയാഗാന്ധിയുടെ രാഷ്‌ട്രീയ തന്ത്രങ്ങളുണ്ടായിരുന്നു. വിവരാവകാശ നിയമം, വനിത സംവരണ ബില്ല്, വിദ്യാഭ്യാസ അവകാശ നിയമം, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷ തുടങ്ങിയ പദ്ധതികളെല്ലാം തീരുമാനിക്കുന്നതിലും നടപ്പാക്കുന്നതിനും സോണിയ നേതൃത്വം നല്‍കി.
പക്ഷെ മന്ത്രിസഭയിലെ അഴിമതികള്‍ സോണിയാഗാന്ധിയുടെ പേരും കളങ്കപ്പെടുത്തി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാഗാന്ധിക്ക് കോടതിയില്‍ ഹാജരായി ജാമ്യമെടുക്കേണ്ടിവുന്നു. ആരോപണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇടയില്‍ പാര്‍ടിയിലെ പല ചേരിയിലുള്ള നേതാക്കളെയും ഒന്നിച്ചുകൊണ്ടുപോകാന്‍ സോണിയാഗാന്ധിക്ക് കഴിഞ്ഞു. ഇനി വിരമിക്കല്‍ സമയമാണെന്ന് സോണിയാഗാന്ധിയുടെ പ്രഖ്യാപനം വന്നുകഴിഞ്ഞു.
സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് സോണിയ മാറുന്നത് അനാരോഗ്യം കൊണ്ടുകൂടിയാണ്. കോണ്‍ഗ്രസിലെ അധികാര കേന്ദ്രം സോണിയയുടെ വസതിയായ 10 ജന്‍പഥില്‍ നിന്ന് രാഹുലിന്റെ വസതിയായ 9 തുഗ്ലക് ലൈനിലേക്ക് മാറുകയാണ്.
