ദില്ലി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെയുള്ള പ്രതിഷേധമായി കേരളത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച കരിദിനം പാര്‍ലമെന്‍റിലും ആചാരിക്കാന്‍ നടത്തിയ നീക്കം മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി തടഞ്ഞു. കേരളത്തില്‍നിന്നുള്ള എംപിമാരാണ് പാര്‍ലമെന്‍റില്‍ ബുധനാഴ്ച കറുത്ത റിബ്ബണ്‍ വിതരണം ചെയ്തത്. എന്നാല്‍ ഈ നീക്കം ശ്രദ്ധയില്‍ പെട്ടതോടെ സോണിയ തടയുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കറുത്ത റിബ്ബണ്‍ വിതരണം ചെയ്യുന്നത് കണ്ട സോണിയ എംപിമാരോട് കാര്യം അന്വേഷിച്ചപ്പോഴാണ് ശബരിമല യുവതികള്‍ പ്രവേശിച്ചതിലുള്ള പ്രതിഷേധമാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ സോണിയ ഇടപെട്ട് ഇത് തടയുകയായിരുന്നു. 'ലിംഗ സമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യ'ത്തിനുമൊപ്പമാണ് കോണ്‍ഗ്രസെന്നും സോണിയ പറഞ്ഞതായുമാണ് റിപ്പോര്‍ട്ട്. 

പ്രാദേശിക രാഷ്ട്രീയത്തിന്‍റെ ഭാഗമായി കേരളത്തില്‍ പ്രതിഷേധം തുടരാം. എന്നാല്‍ ദേശീയ തലത്തില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ എംപിമാര്‍ പ്രതിഷേധിക്കരുതെന്നും സോണിയ പറഞ്ഞു. കേരളത്തില്‍നിന്ന് ഏഴ് എംപിമാരാണ് കോണ്‍ഗ്രസിന് ലോക്സഭയിലുള്ളത്. 

യുവതീ പ്രവേശനത്തിന് പിന്നാലെ പ്രതിഷേധമായി കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇന്നലെ കരിദിനമാചരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇവര്‍ പാര്‍ലമെന്‍റില്‍ കറുത്ത റിബ്ബണ്‍ വിതരണം ചെയ്തത്. ദേശീയ തലത്തില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ചിട്ടുള്ളത്. 

അതേസമയം റിപ്പോര്‍ട്ട് തള്ളി കൊടിക്കുന്നില്‍ സുരേഷ് എം പി രംഗത്തെത്തി. ശബരിമല വിഷയത്തിൽ എം പിമാരെ ശാസിച്ചിട്ടില്ല. വിഷയത്തിൽ ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട് വ്യത്യസ്തമാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ശബരിമല വിഷയത്തിൽ കേന്ദ്രം നിയമം കൊണ്ട് വരികയാണ് വേണ്ടതെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.